കേരളവർമ്മയുഗം
സാഹിത്യചക്രവർത്തി: പെരുമാൾഭരണത്തിനുശേഷം കേരളം ഭിന്നഭിന്ന സ്വരൂപങ്ങളായിത്തീരുകയും, ഓരോ സംസ്ഥാനത്തിൻ്റേയും ഭരണം ഓരോ രാജാക്കന്മാർ സ്വതന്ത്രമായി ഏറെടുക്കുകയും ചെയ്തു. അതോടുകൂടി, അതുവരെ കേരളത്തിൽ പല കാര്യങ്ങളിലുണ്ടായിരുന്ന ഐക്യം അസ്തോന്മുഖമായി. കൈരളിക്കു മാത്രം തൽക്കാലം മാറ്റമൊന്നുമുണ്ടായില്ലെങ്കിലും, അതിൻ്റെ വികാസം ഓരോ സംസ്ഥാനത്തിലേയും അധീശന്മാരുടെ അധികാരപരിധിക്കുള്ളിൽ മാത്രമായിത്തീർന്നു. കേരളത്തിലെ സാഹിത്യകാരന്മാരും മിക്കവാറും ഭിന്നഭിന്ന ദേശങ്ങളിലും സംവൃതമണ്ഡലങ്ങളിലുമായി കുഴിഞ്ഞുകൂടുകയായിരുന്നു. ഇങ്ങനെയുള്ള ഒരു കാലസന്ധിയിലാണു്, 1020 -ാമാണ്ടു കുംഭമാസം 10-ാംതീയതി പൂയം നക്ഷത്രത്തിൽ കഥാപുരുഷൻ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ അവതരിച്ചത്. കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തിനും, സാഹിത്യത്തിനും ഇക്കാലത്തു ചില വ്യതിയാനങ്ങൾ സംഭവിച്ചുതുടങ്ങിയിരുന്നു. ആംഗലഭാഷാഭിജ്ഞന്മാരായ ചിലർ ആ സാഹിത്യത്തിലെ ചില പ്രസ്ഥാനങ്ങളുടെ നേരെ കൂടുതൽ ആദരം പ്രകടിപ്പിക്കുവാനും ആരംഭിച്ചു. അവരിൽ ചിലർ മലയാളത്തിലെ ഗദ്യദാരിദ്ര്യം മനസ്സിലാക്കി ചില കൃതികൾ രചിക്കുവാനും തുടങ്ങിയിരുന്നു. ഏതാദൃശമായ സംഭവവികാസങ്ങൾക്കു മദ്ധ്യേയായിരുന്നു വലിയകോയിത്തമ്പുരാൻ സാഹിത്യവ്യവസായത്തിനായി മുന്നോട്ടിറങ്ങിവന്നത്.
സംസ്കൃതഭാഷയിലും സാഹിത്യത്തിലും അവിടത്തേക്കു തുല്യം നിഷ്ണാതത നേടിയവർ വളരെ ചുരുക്കംപേർ മാത്രമേ കേരളത്തിൽ അക്കാലത്തുണ്ടായിരുന്നുള്ളൂ. കാലോചിതമായ ആംഗലഭാഷാജ്ഞാനത്തിലും അവിടന്നു് അദ്വിതീയമായ സ്ഥാനം നേടിയിരുന്നു. അന്യാദൃശമായ ഇത്തരം വിജ്ഞാനസിദ്ധിയുടെ മദ്ധ്യത്തിൽ അവിടത്തേക്കു ജന്മസിദ്ധമായിരുന്ന കലാവാസന അന്നത്തെ സാഹിത്യലോകത്തെ പുളകം കൊള്ളിച്ചുകൊണ്ടുമിരുന്നു; ഈ പരിതഃസ്ഥിതിയിലാണു സഹൃദയരത്നമായ കണ്ടത്തിൽ വറുഗീസമാപ്പിള ‘മലയാളമനോരമ’യും ‘ഭാഷാപോഷിണി’യുമായി കേരളീയസാഹിത്യകാരന്മാരെ സമീപിച്ചത്.
