കേരളവർമ്മയുഗം
വടക്കെ മലയാളത്തിൽ കടത്തനാട്ട് ഉദയവർമ്മത്തമ്പുരാനും, കോഴിക്കോടു് മാനവിക്രമ ഏട്ടൻ തമ്പുരാനും, കൊച്ചിയിൽ അപ്പൻ തമ്പുരാനും കൊടുങ്ങല്ലൂർത്തമ്പുരാക്കന്മാരും (കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടൻ തമ്പുരാനും), തിരുവിതാംകൂറിൽ കോയിത്തമ്പുരാക്കന്മാരും (വലിയകോയിത്തമ്പുരാനും ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാനും) കേരളത്തിൽ അന്നത്തെ സാഹിത്യമണ്ഡലേശ്വരന്മാരിൽ പ്രാമാണികന്മാരായിരുന്നു. ഇവരും ഇവരുടെ അനുയായികളും വറുഗീസുമാപ്പിളയുടെ അക്ഷീണ യത്നത്താൽ ‘ഒരു ചരടിലിണക്കിക്കോർത്ത പുഷ്പങ്ങളെപ്പോലെ സംഘടിക്കുകയും, സമ്മേളിക്കുകയും ചെയ്തുതുടങ്ങി. അതിൻ്റെ ഫലമോ? വാചാമഗോചരം എന്നേ പറയാവൂ. കേരളത്തിലെ സാഹിത്യകാരന്മാരുടെ ഒന്നാമത്തെ സംഘടനയായ ‘ഭാഷാപോഷിണിസഭ’ ഉടലെടുത്തതും, അതിൻ്റെ പരമാദ്ധ്യക്ഷനായി വലിയകോയിത്തമ്പുരാൻ പ്രതിഷ്ഠിതനായതും അങ്ങനെയാണ്. അക്കാലം മുതൽ തിരുമനസ്സിലെ യഥാർത്ഥ യോഗ്യത മറ്റുള്ളവർ ശരിക്കറിയുവാനും, സാഹിത്യലോകം മുക്തകണ്ഠം അവിടുത്തെ അഭിനന്ദിക്കുവാനും ആരംഭിച്ചു. ഹൗണി, ഗൈർവാണി, കൈരളി എന്നീ ഭാഷകൾ മൂന്നിലും അപ്രതിമനെന്ന നിലയിൽ അവിടുന്നു കേരളത്തിലെ അന്നുള്ള സാഹിത്യമണ്ഡലാധീശന്മാരുടെ മദ്ധ്യത്തിൽ അഗ്രപൂജയെ അർഹിച്ചിരുന്നു. പർപ്പവംശജനായ അവിടത്തെ അഭിജാതത്വം എല്ലാവരും ആദരിക്കയും ചെയ്തിരുന്നു. വഞ്ചീശ്വരിയുടെ പ്രാണേശ്വരൻ, വഞ്ചിരാജസദസ്സിലെ പ്രധാനപണ്ഡിതൻ, അവിടത്തെ ഭാഷാവകുപ്പിൻ്റെ പരമാദ്ധ്യക്ഷൻ, വിദ്വദഗ്രഗണ്യനായ ഏ. ആർ. രാജരാജവർമ്മയുടെ ആചാര്യവര്യൻ, ഭാഷാപോഷിണിസഭയുടെ സ്ഥിരാദ്ധ്യക്ഷൻ, സാഹിത്യത്തിന്റെ ഗദ്യപദ്യശാഖകൾ രണ്ടിലും സവ്യസാചീപ്രഭാവത്തോടുകൂടി വിഹരിച്ചുകൊണ്ടിരുന്ന സാഹിത്യകേസരി എന്നീ പ്രത്യേകതകളും, കേരളീയരുടെ ബഹുമാനാദരങ്ങൾക്കു് അവിടുത്തെ പാത്രീഭൂതനാക്കിത്തീർത്തു. തിരുമനസ്സിലെ കാലത്തു് ആരംഭിച്ച സാഹിത്യപ്രസ്ഥാനങ്ങളും ഓരോന്നിലും പ്രവർത്തിച്ചിരുന്ന കലാകാരന്മാർക്കു് അന്നു നല്കിയിരുന്ന നാനാമുഖമായ പ്രോത്സാഹനങ്ങളും അവിടത്തെ കീർത്തിയെ ദ്വിഗുണീഭവിപ്പിച്ചു. സർവ്വോപരി, തിരുമനസ്സിലെ സൗഹാർദ്ദം, സൗമനസ്യം, കാരുണ്യം, ആശ്രിതവാത്സല്യം തുടങ്ങിയ മഹനീയഗുണങ്ങൾ കേരളീയരുടെ ഹൃദയങ്ങളെ ആസകലം കോരിത്തരിപ്പിക്കുവാനും, അവരെക്കൊണ്ട് അവിടത്തെ സമർച്ചന ചെയ്യിക്കുവാനും ശക്തങ്ങളുമായിത്തീർന്നു.
