പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

അപ്പാണ്ഡിത്യവിശേഷ,മാവിനയ,മാ–
ഗ്ഗാംഭീര്യ മാധൈര്യ,മാ–
ത്തൃപ്പാദാശ്രിതവത്സലത്വമികവാ–
ലോകോപകാരവ്രതം,
അപ്പാരായണയോഗ്യസൽക്കവന,മ–
ദ്ദാക്ഷിണ്യ, മസ്സൗഹൃദം
പർപ്പാധീശ! ഭവൽഗ്​ഗുണങ്ങളിൽ മറ–
ന്നേക്കാവതെന്തെന്തുവാൻ!

എന്നു മഹാകവി വള്ളത്തോൾ സൂര്യപുരുഷനെപ്പറ്റി ഉദ്‌ഗാനം ചെയ്തിട്ടുള്ളത് ഈ സന്ദർഭത്തിൽ സവിശേഷം ശ്രദ്ധേയമായിരിക്കുന്നു. ഇത്തരത്തിലുള്ള ഗുണവിശഷങ്ങളും യോഗ്യതകളുമാണു്, ഔത്തരാഹന്മാരും ദാക്ഷിണാത്യന്മാരുമായ കേരളീയസാഹിത്യകാരന്മാർ ഒന്നുപോലെ തിരുമേനിയുടെ നേതൃത്വത്തെ സമാദരിക്കുവാനും, കേരളഭാഷാസാഹിത്യസാർവ്വഭൗമനായി അവിടുത്തെ കൊണ്ടാടുവാനും ഇടയാക്കിത്തീർത്തിട്ടുള്ളത്. അവിടത്തെ വാക്കിനും തൂലികയ്ക്കും അന്നുണ്ടായിരുന്ന വിലയും ഘനവും ഒന്നു വേറെതന്നെയായിരുന്നു. സാഹിത്യത്തിൻ്റെ വിവിധ ശാഖകളെ അവിടന്നു് അധിരോഹണംചെയ്തു വിജയശ്രീലാളിതനായിത്തീർന്നു. സാഹിത്യലോകത്തിൽ അവിടന്നു് ചെയ്തിരുന്ന ഏതു തീരുമാനവും കേരളീയർ ആകമാനം ആദരിക്കുവാനും അനുസരിക്കുവാനും സദാ സന്നദ്ധരുമായിരുന്നു. വളരെയേറെ അഭിപ്രായഭേദമുള്ള സംഗതികളിൽപ്പോലും അവിടുത്തെ വിധിയെ ഉല്ലംഘിക്കുവാൻ അന്നാർക്കും ധൈര്യമുണ്ടായിരുന്നില്ല. ചുരുക്കത്തിൽ ഭിന്നദേശങ്ങളിലായി വേർപിരിഞ്ഞു കിടന്നിരുന്ന സാഹിത്യകാരന്മാരേയും സാഹിത്യ മണ്ഡലങ്ങളേയും സംയോജിപ്പിച്ചു് ഒരു സാമ്രാജ്യമാക്കിത്തീർത്ത്, അഭൂതപൂർവ്വമായവിധത്തിൽ ഒരൊററ ചെങ്കോലിൻകീഴിൽ ഭരണം നടത്തുവാൻ, സാക്ഷാൽ കേരളകാളിദാസനായ ഈ സാഹിത്യചക്രവർത്തിക്കു മാത്രമല്ലാതെ കേരളസാഹിത്യ ലോകത്തിൽ ഇന്നേവരെ മറ്റാർക്കും സാധിച്ചിട്ടില്ലതന്നെ. ഒരു ചക്രവർത്തിക്കു ചേർന്ന അന്തസ്സും ആഭിജാത്യവും അവിടുത്തെ ഉടുപ്പിലും നടപ്പിലും നോക്കിലും വാക്കിലും ഭാവത്തിലും ഭംഗിയിലും എന്നല്ല, എല്ലാറ്റിലും ഒന്നുപോലെ വിളങ്ങിയിരുന്നു.

ഇതര തർജ്ജമകളും സന്ദേശങ്ങളും വലിയകോയിത്തമ്പുരാൻ്റെ കാലം മുതൽ ഭാഷാപദ്യ സാഹിത്യത്തിനുണ്ടായിട്ടുള്ള ഉണർവ് എത്രയും അത്ഭുതാവഹമാണു്. ശാകുന്തളം തർജ്ജമയെത്തുടർന്നു സംസ്കൃതസാഹിത്യത്തിൽനിന്നു് ഒട്ടുവളരെ നാടകങ്ങൾ കേരളീയകവികളിൽ പലരും വിവർത്തനം ചെയ്യുവാൻ തുടങ്ങി.