പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

ഉത്തരരാമചരിതം, വിക്രമോർവ്വശീയം, മാളവികാഗ്നിമിത്രം, മഹാവീരചരിതം. മുദ്രാരാക്ഷസം, രത്നാവലി, മൃച്ഛകടികം, ചാരുദത്തൻ, വേണീസംഹാരം, പ്രതിമാനാടകം, സ്വപ്നവാസവദത്തം, പഞ്ചരാത്രം, ജാനകീപരിണയം, ദൂതവാക്യം. ഭൈമീപരിണയം, ആശ്ചര്യചൂഡാമണി, ധനഞ്ജയം തുടങ്ങിയവ ഇങ്ങനെ ഉത്ഭവിച്ചിട്ടുള്ളവയാണു്. ഇവയിൽ ചിലതിനും ഒന്നിലധികം തർജ്ജമകളും ഉണ്ടായിട്ടുണ്ട്. ശാകുന്തളത്തിനും ഇരുപതിലധികം തർജ്ജമകൾ ഉണ്ടായിക്കഴിഞ്ഞിട്ടുള്ള വസ്തുത മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ശാകുന്തളം തർജ്ജമകൊണ്ടു കോയിത്തമ്പുരാൻ സമ്പാദിച്ചതുപോലെയുള്ള പ്രത്യേകകീർത്തി, ഭവഭൂതിയുടെ ഉത്തരരാമചരിതം തജ്ജമകൊണ്ടു ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർക്കുമാത്രമേ നേടുവാൻ കഴിഞ്ഞിട്ടുള്ളു.

നാടകതർജ്ജമകൾക്കു പുറമേ കേരളകാളിദാസൻ തുറന്നിട്ട മാർഗ്ഗത്തിൽകൂടി സഞ്ചരിച്ചു് കാളിദാസപ്രഭൃതികളുടെ ഇതരമഹാകാവ്യങ്ങളേയും പലരും തർജ്ജമ ചെയ്യുവാൻ തുടങ്ങി. കുമാരസംഭവം, രഘുവംശം, മാഘം, നൈഷധീയചരിതം, കിരാതാർജ്ജുനീയം എന്നീ സുപ്രസിദ്ധങ്ങളായ പഞ്ചമഹാകാവ്യങ്ങൾക്കുപുറമേ, ശ്രീകൃഷ്ണവിലാസം, ആംഗലസാമ്രാജ്യം തുടങ്ങിയ ഒട്ടേറെ മഹാകാവ്യങ്ങൾ മലയാളത്തിൽ വിവർത്തനം ചെയ്യുകയുണ്ടായി. അതുപോലെതന്നെ മഹാഭാരതം, വാല്മീകിരാമായണം മുതലായ ഇതിഹാസഗ്രന്ഥങ്ങളും, മേഘസന്ദേശം, ശുകസന്ദേശം, കോകിലസന്ദേശം തുടങ്ങിയ സന്ദേശങ്ങളും, ഭോടചമ്പു തുടങ്ങിയ പ്രബന്ധങ്ങളും മറ്റും ഈയവസരത്തിൽ പ്രത്യേകം പ്രസ്താവയോഗ്യങ്ങളത്രെ. അക്ഷയവും അമൂല്യവുമായ ഒരു സമ്പത്താണ് മേൽപ്രസ്താവിച്ച തർജ്ജമകൾമൂലം ഭാഷാകവിതയ്ക്കു അക്കാലത്തു കൈവന്നിട്ടുള്ളത്.

കാവ്യനാടകാദിതർജ്ജമകളുടെ ഗുണവൈശിഷ്ട്യം കൊണ്ടു മലയാളപദ്യസാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടുള്ളവരിൽ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ, ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ, കുണ്ടൂർ നാരായണമേനോൻ, കടത്തനാട്ട് കൃഷ്ണവാരിയർ, കവിയൂർ രാമൻ നമ്പ്യാർ, ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ, പന്തളത്തു കേരളവർമ്മതമ്പുരാൻ, കെ. സി. കേശവപിള്ള, കെ. പി. കറുപ്പൻ, വള്ളത്തോൾ, പി. എസ്സ്. പുരുഷോത്തമൻ നമ്പൂതിരി, കെ. ശങ്കരവാരിയർ മുതലായവരുടെ പേരുകൾ പ്രത്യേകം പ്രസ്താവയോഗ്യങ്ങളാകുന്നു.

വലിയകോയിത്തമ്പുരാൻ്റെ മയൂരസന്ദേശത്തെത്തുടർന്നു് അനേകം സ്വതന്ത്ര സന്ദേശകാവ്യങ്ങളും ഭാഷയിൽ ഉത്ഭവിക്കാതിരുന്നില്ല. അവയിൽ ഒന്നത്രേ ഭൃംഗസന്ദേശം.