കേരളവർമ്മയുഗം
ഭൃംഗസന്ദേശം: പ്രസ്തുത കൃതിയെപ്പറ്റി ഈയവസരത്തിൽ പ്രത്യേകം കുറിക്കേണ്ടിയിരിക്കുന്നു. അപ്പാടവീട്ടിൽ രാമനെഴുത്തശ്ശനാണു് ഈ സന്ദേശകാവ്യത്തിൻ്റെ കർത്താവു്. കവിയേയും കാവ്യത്തേയും കുറിച്ച് അടുത്തകാലത്തു മാത്രമാണു് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. അർവ്വാചീനകാലത്തുണ്ടായ സന്ദേശകാവ്യങ്ങളിൽ ആദ്യത്തേതു മയൂരസന്ദേശമെന്നാണല്ലോ നാം കരുതിപ്പോരുന്നതു്. അതിൻ്റെ നിർമ്മാണകാലത്തെപ്പറ്റി ഈ അദ്ധ്യായത്തിൻ്റെ ആദ്യഭാഗത്തുതന്നെ പ്രസ്താവിച്ചുകഴിഞ്ഞിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. 1896-ലാണു് അതു പുസ്തകരൂപത്തിൽ പുറത്തുവന്നതു്. ആ കാലഗണനവച്ചു നോക്കുമ്പോൾ രാമനെഴുത്തശ്ശൻ്റെ ഭൃംഗസന്ദേശം, മയൂരസന്ദേശത്തിനു മുമ്പുണ്ടായ ഒരു കൃതിയാണോ എന്നു സംശയിക്കേണ്ടിവരുന്നു. എന്തുകൊണ്ടെന്നാൽ കടത്തനാട് ഉദയവർമ്മ തമ്പുരാൻ്റെ കല്പനപ്രകാരം വിരചിതമായ പ്രസ്തുത കൃതി, കവനോദയക്കാരുടെ അവതാരികയോടുകൂടി 1895-ൽ ജനരഞ്ജിനി അച്ചുക്കൂടത്തിൽനിന്നു പ്രസിദ്ധപ്പെടുത്തിക്കാണുന്നു. 1895-ൽ അതു് അച്ചടിക്കണമെങ്കിൽ അതിനുമുമ്പ് നിർമ്മിച്ചിരിക്കണമല്ലോ. ഒരു കാര്യം അധികം സംശയമില്ലാതെ പറയാം. ഭൃംഗസന്ദേശവും മയൂരസന്ദേശവും മിക്കവാറും ഒരേ കാലഘട്ടത്തിൽ നിർമ്മിതമായ രണ്ട് സന്ദേശകാവ്യങ്ങളാണെന്നുള്ളതുതന്നെ.
കവിയുടെ ജന്മദേശം, മലബാറിൽ ചിറയ്ക്കൽ താലൂക്കിൽ കീച്ചേരി എന്ന സ്ഥലമാണു്. കവിയുടെ പുത്രൻ കെ വി. ചാത്തുക്കുട്ടിനായരുടെ കത്തിൽനിന്നും അദ്ദേഹം മരിച്ചത് 1924 മെയ് മാസത്തിൽ 72-ാമത്തെ വയസ്സിലാണെന്നു കാണുന്നു. സന്ദേശം പ്രഥമാശ്വാസം, ദ്വിതീയാശ്വാസം ഇങ്ങനെ രണ്ട് ഭാഗങ്ങളാണു്. ആദ്യത്തേതിൽ 72 ശ്ലോകങ്ങളും രണ്ടാമത്തേതിൽ 79 ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. സന്ദേശകാവ്യങ്ങൾക്ക് ഉപയോഗിക്കുന്ന മന്ദാക്രാന്തയല്ല, സ്രഗ്ദ്ധരാവൃത്തമാണു് ഇതിൽ സ്വീകരിച്ചിരിക്കുന്നതു്. ലോകപരിചയം നല്ലപോലെ സമ്പാദിച്ചിട്ടുള്ള ഒരു കവിയാണ് ഭൃംഗ സന്ദേശത്തിൻ്റെ കർത്താവെന്നു നിസ്സംശയം പറയാം. വാസനയും കുറവല്ല. പ്രസ്തുത കൃതിയിൽനിന്നു ചില പദ്യങ്ങൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
