പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

ഭ്രമരസന്ദേശം: ഭൃംഗസന്ദേശത്തെപ്പറ്റി പറഞ്ഞപ്പോൾ ഭ്രമരസന്ദേശത്തെപ്പറ്റിയും ഒരു വാക്കു പറയേണ്ടതായിവരുന്നു. ഭൃംഗവും ഭ്രമരവും ഒന്നുതന്നെയാണല്ലോ. സംസ്കൃതത്തിലും ഇതുപോലെ ഭൃംഗസന്ദേശമെന്നും ഭ്രമരദുതു് എന്നും ചില കാവ്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയുമായി മലയാളത്തിലെ ഈ രണ്ടു കാവ്യങ്ങൾക്കും യാതൊരു ബന്ധവുമില്ല. ഭ്രമരസന്ദേശം, പൂഞ്ഞാർ രാമവർമ്മ വലിയരാജാവിനാൽ വിരചിതമായ ഒരു കൃതിയത്രേ, മയൂരസന്ദേശത്തെ കുറെയൊക്കെ അനുകരിച്ചിട്ടുള്ളതുപോലെ തോന്നുന്നു. ഇതിലെ നായകൻ ഗ്രന്ഥകർത്താവായ കവിയും, നായിക അദ്ദേഹത്തിൻ്റെ സഹധർമ്മിണിയുമാണു്. കവി പൂഞ്ഞാറിൽനിന്നു മലബാറിലെ ചാവക്കാട്ടുതാലൂക്കിൽ വെങ്കിടങ്ങുദേശത്തുള്ള തൻ്റെ ഭാര്യാഗൃഹത്തിലേക്ക് ഒരു ഭ്രമരംവഴി സന്ദേശമയയ്ക്കുന്നതാണു് ഇതിലെ വിഷയം. പൂർവ്വഭാഗത്തിൽ 86 – ഉം ഉത്തരഭാഗത്തിൽ 70 – ഉം ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. സന്ദേശഹരനായ ഭ്രമരം കടന്നുപോകുന്ന ഈരാററുപേട്ട, കിടങ്ങൂർ, പാലാ, ഭരണങ്ങാനം, കടുത്തുരുത്തി, ഏറ്റുമാനൂർ, വൈക്കം, കൊച്ചി, എറണാകുളം, തൃശൂർ എന്നീ പ്രദേശങ്ങളെ സരസമായി വർണ്ണിച്ചിട്ടുള്ളതു പ്രത്യേകം ശ്രദ്ധേയമാണ്. ഈ വർണ്ണനകളിൽക്കൂടി, ആറേഴു പതിററാണ്ടുകൾക്കുമുമ്പുള്ള കേരളദേശത്തിലെ സ്ഥിതിഗതികൾ ഒട്ടൊക്കെ മനസ്സിലാക്കുവാനും, കാവ്യാസ്വാദനത്തിനു പുറമേ, നമുക്കു സാധിക്കുന്നു.

മറ്റു സന്ദേശകാവ്യങ്ങൾ: എം. രാജരാജവർമ്മയുടെ ‘ഗരുഡസന്ദേശം’, പി. ജി. രാമയ്യരുടെ ‘വിപ്രസന്ദേശം’, ‘മേഘസന്ദേശം തർജ്ജമ’, ഓടാട്ടിൽ കേശവമേനോൻ്റെ ‘കപോതസന്ദേശം’ തുടങ്ങിയവ അവയിൽ മുഖ്യങ്ങളാണു്. നാടകനിർമ്മാണബഹളം അധികമായപ്പോൾ അതിൻ്റെ ദുഷ്പ്രവണതയെ തടുക്കുവാൻ കെ. രാമക്കുറുപ്പ് ‘ചക്കീചങ്കരം’ എന്നൊരു ഹാസനാടകം എഴുതിയതു പ്രസിദ്ധമാണല്ലോ. മയൂരസന്ദേശത്തെത്തുടന്നു് ഇവിടെ സന്ദേശബഹളം ആരംഭിക്കുകയായി. ആ ഗതാനുഗതികത്വത്തെ തടുക്കുവാൻ ശീവൊള്ളി നാരായണൻനമ്പൂതിരി ‘ദാത്യുഹസന്ദേശം’ എന്നൊരു പരിഹാസകവിതയും ആയിടെ നിർമ്മിക്കയുണ്ടായെന്നുള്ള വസ്തുതയും ഈയവസരത്തിൽ പ്രസ്താവയോഗ്യമാകുന്നു.

കേരളവർമ്മയുഗത്തിൽ ഉത്ഭവിച്ചു വളർന്നുവന്നിട്ടുള്ള മറ്റൊരു സാഹിത്യ പ്രസ്ഥാനമാണു മഹാകാവ്യങ്ങൾ. അവയെപ്പറ്റി അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണു്.