പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

ബന്ധനം: തിരുവിതാംകൂർരാജാവായ ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തു മാവേലിക്കരനിന്നു രണ്ടു തമ്പുരാട്ടിമാരെ തിരുവിതാംകൂർരാജകുടുംബത്തിലേക്കു ദത്തെടുത്തിരുന്നു. അവരിൽ മൂത്ത സഹോദരിയായ റാണി ലക്ഷ്മീബായിയെ-ആറ്റുങ്ങൽ മൂത്തതമ്പുരാനെ-1034 മേടം 13-ാം തിയതി കേരളവർമ്മ പള്ളിക്കെട്ടുകഴിച്ചു. അന്നുമുതൽ കഥാപുരുഷൻ വലിയകോയിത്തമ്പുരാൻ എന്ന പദവിയിലേക്കുയർന്നു. ഉത്രംതിരുനാളിൻ്റെ ചരമശേഷം, 1036 മുതൽ 1055 വരെ തിരുവിതാംകൂർ ഭരിച്ചതു ആയില്യം തിരുനാൾ രാമവർമ്മയായിരുന്നു. ആ മഹാരാജാവിൻ്റെ എല്ലാവിധ ആനുകൂല്യങ്ങളോടുംകൂടി മഹാഭാഗ്യവാനായി വലിയകോയിത്തമ്പുരാൻ ജീവിച്ചുവന്നു. എന്നാൽ വിധിവൈപരീത്യത്താൽ ആ നിലയ്ക്കു ക്രമേണ മാറ്റം സംഭവിച്ചു. തൻ്റെ ദിവാൻജിയും, അനുജനായ വിശാഖം തിരുനാളും, കേരളവർമ്മ വലിയകോയിത്തമ്പുരാനും രാഷ്ട്രത്തിൽ തനിക്കെതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപജാപകസംഘത്തലവന്മാരാണെന്നു മഹാരാജാവ് ധരിച്ചുവശായി. വലിയകോയിത്തമ്പുരാൻ്റെ നേരെ വിദ്വേഷം കൂടുതൽ വർദ്ധിക്കയും ചെയ്തു. 1050-മാണ്ട് കർക്കടക മാസം 21-ാം തീയതി മഹാരാജാവു് രാജദ്രോഹക്കുറ്റം ചുമത്തി കഥാനായകനെ ആലപ്പുഴക്കൊട്ടാരത്തിൽ ബന്ധനസ്ഥനാക്കി താമസിപ്പിച്ചു. 30-ാമത്തെ വയസ്സിലാണ് ഈ സംഭവം. 15 മാസത്തോളം അങ്ങനെ കഴിഞ്ഞുകൂടി. പിന്നീട് കേരളവർമ്മയുടെ മാതാവ് മഹാരാജാവിനോടു ചെയ്ത അപേക്ഷയുടെ ഫലമായി ഹരിപ്പാട്ട് അനന്തപുരത്തു കൊട്ടാരത്തിൽ (സ്വഗൃഹത്തിൽ) പോയി താമസിച്ചുകൊള്ളുവാൻ 1052 വൃശ്ചികത്തിൽ കല്പനയായി. സ്വതന്ത്രനായിട്ടല്ല, അവിടെയും ബന്ധനത്തിൽത്തന്നെയായിരുന്നു. ഈ താമസക്കാലത്താണു് ‘ക്ഷമാപണസഹസ്ര’മെഴുതി മഹാരാജാവിനു് അടിയറവച്ചത്. പക്ഷേ, അതുകൊണ്ടു ഫലമൊന്നുമുണ്ടായില്ല. അതിനാൽ ഒരു ‘യമപ്രണാമശതകം’ തന്നെ കഥാപുരുഷൻ നിർമ്മിക്കുവാനിടയായി. ഏ. ആർ. രാജരാജവർമ്മ തുറവൂർ നാരായണ ശാസ്ത്രികൾ മുതലായ പണ്ഡിതകേസരികൾ ഹരിപ്പാട്ടെ താമസക്കാലത്തു കോയിത്തമ്പുരാൻ്റെ ശിഷ്യന്മാരായിത്തീർന്നവരാണു്. 1055 ഇടവം 19-ാംതീയതി ആയില്യം തിരുനാൾ നാടുനീങ്ങി. വിശാഖം തിരുനാൾ രാജ്യഭാരം കൈയ്യേറ്റു. അതോടുകൂടി വലിയകോയിത്തമ്പുരാൻ ബന്ധനവിമുക്തനായിത്തീരുകയുംചെയ്തു. മേൽപ്പറഞ്ഞ കാലഘട്ടത്തെയാണു ‘ഇഷ്ട പ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്ര-ദ‍ിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും — കഷ്ടപ്പെട്ടപ്പുരുഷനൊരു നാലഞ്ചുകൊല്ലം കഴിച്ചാൻ’ എന്നു സന്ദേശത്തിൻ്റെ ആദ്യഭാഗത്തു പ്രസ്താവിച്ചിട്ടുള്ളത്.