പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

ഉൽപത്തിചരിതം: സ്വതേ ആഹ്ലാദചിത്തനായിരുന്ന കേരളവർമ്മ ‘ശ്രീവിശാഖപ്രസാദാൽ’ ബന്ധനമുക്തനായിത്തീർന്നുവെങ്കിലും പ്രസ്തുത സംഭവത്തിനുശേഷം പല സദ് വ്യസായങ്ങളിലും വ്യാപൃതനായിരുന്നുവെങ്കിലും, മിക്കവാറും വിഷാദപുരിതനായിത്തന്നെയാണു കഴിഞ്ഞുകൂടിയിരുന്നത്. 1056 മുതൽ അഭിജ്ഞാനശാകുന്തളം ‘കേരളീയഭാഷാശാകുന്തളം’ എന്ന പേരിൽ ‘വിദ്യാവിലാസിനി’യിൽ ഖണ്ഡശഃ വിവർത്തനംചെയ്തു പ്രസിദ്ധപ്പെടുത്തുവാൻ തുടങ്ങി. വിശാഖംതിരുനാളിൻ്റെ പ്രേരണയാൽ മലയാളഗദ്യശാഖകളിൽ പലതിലും പ്രവർത്തിച്ചുകൊണ്ടുമിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിൽ തൻ്റെ ഹൃദയത്തെ വല്ലാതെ പീഡിപ്പിച്ച ആ സംഭവത്തെ ആസ്പദമാക്കി ഒരു കാവ്യമെഴുതാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കൊല്ലവർഷം 1065-ൽ മലയാള മാനോരമയുടേയും തുടർന്നു ഭാഷാപോഷിണിയുടേയും ആവിർഭാവത്തോടുകൂടി കണ്ടത്തിൽ വറുഗീസുമാപ്പിള വലിയകോയിത്തമ്പുരാനെ പലപ്രകാരത്തിലും പ്രേരിപ്പിച്ചു സാഹിത്യനിർമ്മിതികളിൽ പ്രവർത്തിപ്പിച്ചുവന്നു. അത്തരത്തിൽ അവിടത്തെ വിപ്രയോഗകാലത്തെ അനുസ്മരിച്ചു ഭാഷാപോഷിണിയിൽ ചേർക്കുവാൻ ഒരു സന്ദേശകാവ്യം രചിക്കണമെന്നു് അദ്ദേഹം തമ്പുരാനോടു് അഭ്യർത്ഥിച്ചു. അഭ്യർത്ഥനയെ ആദരിച്ച് 1069 മേടം 1-ാംതീയതിമുതൽ ആരംഭിച്ച് മിഥുനം 5-ാം തീയതിവരെയുള്ള 67 ദിവസങ്ങൾക്കുള്ളിൽ ഏതാണ്ട് 50 ദിവസംകൊണ്ട് എഴുതിത്തീർത്ത ഒരു സന്ദേശകാവ്യമാണു പിൽക്കാലത്തു സുപ്രസിദ്ധമായിത്തീർന്ന മയൂരസന്ദേശം. പൂർവ്വഭാഗം 1069 മേടം ലക്കം ഭാഷാപോഷിണിയിലും, ഉത്തരഭാഗം 1070 ചിങ്ങം ലക്കത്തിലുമായി പ്രസിദ്ധപ്പെടുത്തുകയാണുണ്ടായതു്.

മയൂരസന്ദേശം ഇങ്ങനെ ഭാഷാപോഷിണിയിൽ ആകൃതിപൂണ്ടു കണ്ടതോടുകൂടി അതു സഹൃദയരിൽ പലരുടേയും സവിശേഷശ്രദ്ധയെ ആകർഷിച്ചുകഴിഞ്ഞു. ഇന്ദുലേഖാകർത്താവായ ചന്തുമേനോൻ, കോയിത്തമ്പുരാൻ്റെ സമ്മതത്തോടുകൂടി തൻ്റെ ഒരു ആസ്വാദനവും ചേർത്തു പുസ്തകരൂപത്തിൽ അക്കൊല്ലംതന്നെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 1896-ൽ മലയാളമനോരമക്കാരും പുസ്തകരൂപത്തിൽ പ്രസ്തുത കൃതി പ്രസിദ്ധപ്പെടുത്തുകയുണ്ടായി. എങ്കിലും 1070 കുംഭത്തിൽ ഏ ആർ. രാജരാജവർമ്മ എഴുതിയ അവതാരികയോടും ‘മർമ്മപ്രകാശം’ എന്ന വ്യാഖ്യാനത്തോടും കൂടി പ്രസിദ്ധീകൃതമായതോടുകൂടിയാണ് ഈ നൂതനസന്ദേശകാവ്യം അഖിലകേരളവ്യാപകമായിത്തീർന്നത്. സന്ദേശകാവ്യം പൂർവ്വഭാഗത്തിലെ മൂന്നാംശ്ലോകത്തിൽനിന്നു വെളിപ്പെടുന്നതുപോലെ, കോയിത്തമ്പുരാൻ ആലപ്പുഴെനിന്നും ഹരിപ്പാട്ടു ബന്ധനസ്ഥനായി കഴിയുന്ന കാലത്താണു് അവിടെയുള്ള സുബ്രഹ്മണ്യക്ഷേത്രത്തിൽ ഒരിക്കൽ തൊഴാനായി പോയതെന്നും, അന്നവിടെ വളർത്തിയിരുന്ന ഭഗവദ്വാഹനമായ മയിലിനെ കണ്ടതെന്നും, ആ മയൂരംവഴിക്കാണു ഈ സന്ദേശം അയയ്ക്കുന്നതെന്നും മറ്റുമുള്ള സങ്കല്പത്താൽ, തമ്പുരാൻ തടവുകാരനായി കഴിഞ്ഞുകൂടുന്ന കാലത്തു നിർമ്മിച്ച ഒരു കാവ്യമാണിതെന്നു സാധാരണന്മാർ ധരിച്ചുപോകുന്നുണ്ടെങ്കിൽ അതിൽ അത്ഭുതകരമായിട്ടൊന്നുമില്ല. എന്നാൽ, ഈ കാവ്യത്തിന്റെ ഉൽപത്തിചരിതം ആ വിധത്തിലല്ലെന്നുള്ളതും ഇതിനുമുമ്പു ചെയ്ത പ്രസ്താവങ്ങളിൽനിന്നു വ്യക്തമായിട്ടുണ്ടല്ലൊ.