പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാൻ
നീലാപാങ്ഗേ! കമപി നിഹനിച്ചീടിനേൻ നീഡജത്തേ
മാലാർന്നാരാൽ മരുവുമിണയെക്കണ്ടു നീ താം ച നേതും
കാലാഗാരം സപദി കൃപയാ കാതരേ ചൊല്ലിയില്ലേ?

എന്ന അടയാളവാക്യത്തിലും മറ്റും അന്തർഭവിച്ചുകിടക്കുന്ന ആശയങ്ങളുടെ മാധുര്യം അനുഭവിച്ചറിയുന്ന ഒരു സഹൃദയൻ ഇത്തരം കവിതയുടെ കർത്താവിനെ വെറും ശ്ലോകിയെന്നു പറയുവാൻ ധൈര്യപ്പെടുമോ? ഇതുപോലെ സ്വാനുഭൂതിയുടെ ഊഷ്മളതയെ പ്രകടീകരിക്കുന്നവയും രസനിഷ്യന്ദികളുമായ എത്രയെത്ര ശ്ലോകങ്ങളാണു ഇതിലുള്ളതു്?

അഭിജ്ഞാനശാകുന്തളം തർജ്ജമ: മലയാളസാഹിത്യത്തിൽ നാടകം എന്നൊരു ശാഖയെ ആദ്യമായവതരിപ്പിച്ചതും, സംസ്കൃതഭാഷാനഭിജ്ഞന്മാരായ കേരളീയരെ കാളിദാസമഹാകവിയുടെ ആശയങ്ങളുമായി ആദ്യം പരിചയപ്പെടുത്തിയതും കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു. ആ മഹാസംഭവത്തെ മുൻനിറുത്തിത്തന്നെ കേരളവർമ്മയെ ‘കേരളകാളിദാസൻ’ എന്ന ബിരുദംകൊണ്ടു കേരളീയർ അദ്യാപി ആദരിച്ചാരാധിച്ചുപോരുകയും ചെയ്യുന്നു.

കോയിത്തമ്പുരാൻ്റെ ശാകുന്തളം ത‌ർജ്ജമ കൊല്ലവർഷം 1056 മകരം 20-ാം മുതൽ ‘വിദ്യാവിലാസിനി’ മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുതുടങ്ങി. 1058 തുലാം 20-ാം തീയതി – അതു് ‘കേരളീയഭാഷാശാകുന്തളം’ എന്ന പേരിൽ പുസ്തകാകൃതിയെ പ്രാപിക്കയും ചെയ്തു. പക്ഷേ, ഈ തർജ്ജമയിൽ സംസ്കൃതപദപ്രയോഗം ബഹുലമായിത്തീരുകയും, ഔത്തരാഹന്മാർക്കു രുചിക്കാത്ത ചില ശൈലീവിശേഷങ്ങൾ കടന്നുകൂടുകയും ചെയ്തു എന്നൊരാക്ഷേപം ക്രമേണ ഉയിർക്കൊണ്ടുതുടങ്ങി. അതിനാൽ അത്തരം ന്യൂനതകളെ കഴിയുന്നത്ര പരിഹരിച്ചു 1087-ൽ ‘മണിപ്രവാളശാകുന്തളം’ എന്ന പേരിൽ പ്രസ്തുത കൃതി വീണ്ടും പ്രസിദ്ധപ്പെടുത്തി. എങ്കിലും തമ്പുരാൻ്റെ സംസ്കൃതപക്ഷപാതം അതിലും അത്ര കുറവായിരുന്നില്ല. അതിനാൽ ഏ. ആർ. രാജരാജവർമ്മ ‘മലയാളശാകുന്തളം’ എന്നപേരിൽ മറ്റൊരു തർജ്ജമ പ്രസിദ്ധീകരിച്ചു. ഇതുപോലെ വലിയകോയിത്തമ്പുരാൻ്റെ ശാകുന്തള തർജ്ജമയ്ക്കുശേഷം വളരെയധികമാളുകൾ ഓരോ പരിഷ്ക്കാരരൂപത്തിൽ പ്രസ്തുതകൃതിയുടെ തർജ്ജമയ്ക്കായി മുതിരാതിരുന്നിട്ടില്ല. ഇരുപതിലധികം തർജ്ജമകൾ ഇതിനകം ഈ ഗ്രന്ഥകാരനുതന്നെ കാണുവാൻ കഴിഞ്ഞിട്ടുണ്ട്. ചിലതിൽ ചില ശ്ലോക തർജ്ജമകൾ വിശേഷമായിട്ടുണ്ട് എന്നു സമ്മതിക്കാം. എന്നുവരികിലും വലിയ കോയിത്തമ്പുരാൻ്റെ തർജ്ജമയ്ക്കുള്ള അന്തസ്സും ആഭിജാത്യവും മറ്റൊന്നിലും കാണുന്നില്ലെന്നാണ് ഈ ​ഗ്രന്ഥകാരന് തോന്നിയിട്ടുള്ളതു്. ശാകുന്തളത്തിലെ ചിലശ്ലോകങ്ങൾ കോയിത്തമ്പുരാൻ്റെ കീർത്തിയെ എന്നും വിളംബരം ചെയ്യുന്നവയാണു്.