കേരളീയ കവയിത്രികൾ
പ്രാരംഭം: ഭാഷാകാവ്യലോകത്തിൽ കേരളീയ വനിതകളുടെ രംഗപ്രവേശം വളരെ കുറവായിട്ടുമാത്രമേ കാണപ്പെടുന്നുള്ളു. കാവ്യകർത്ത്രിമാരായിത്തീർന്നിട്ടുള്ള പ്രാചീന വനിതമാരിൽ ആരെപ്പറ്റിയും നാം ഒന്നുംതന്നെ അറിയുന്നില്ല. പ്രഗത്ഭകളും പ്രതിഭാശാലിനികളുമായ മഹിളാമണികളുടെ കേളീരംഗമായിരുന്ന കേരളക്കരയിൽ ആ പുരാതനകാലത്തും അനേകം കവയിത്രികൾ ജീവിച്ചിരുന്നു എന്നു വിചാരിക്കുവാൻ അവകാശമുണ്ട്.
പ്രാചീനകവയിത്രികൾ: ‘ചന്ദ്രോത്സവം’ എന്ന കാവ്യത്തിലെ വനിതാ സദസ്സ് സഹൃദയന്മാർക്കു പരിചയമുള്ളതാണല്ലോ. കാവ്യസംസാരത്തിലെ പ്രജാപതി, കവിതന്നെയാണെന്നുള്ള വസ്തുതയെയാണു് പ്രസ്തുത കാവ്യത്തിലെ കഥാവസ്തു വ്യക്തമാക്കുന്നതെങ്കിലും, അതിൻ്റെ മൂന്നാംഭാഗത്തിൽ ഒരു വനിതാസമാജത്തെ വർണ്ണിക്കുവാൻ കവിയെ പ്രത്യേകം പ്രേരിപ്പിച്ചിട്ടുള്ളതിൽനിന്നും, കേരളത്തിൽ അക്കാലത്തു് അത്തരം സഭകളിൽ വന്നുകൂടുവാൻ യോഗ്യതയുള്ള വിദുഷികളും കവയിത്രികളും ധാരാളമുണ്ടായിരുന്നു എന്നൊരു നിഗമനത്തിനു വഴിനല്കുന്നുണ്ട്. പോരെങ്കിൽ,
മനോജ്ഞവർണ്ണാ സുവിചിത്രബദ്ധാ
നിരസ്തദോഷാ സഗുണാർത്ഥപുഷ്ഠാ
ഇമ്മാരചേമന്തിക ചൊന്ന വാണി
മഹാകവേർവാഗിവ സുപ്രസന്നാ (3–95)
എന്ന കാവ്യനിരൂപണത്തോടുകൂടി ഒരു വനിതാരത്നം – മാനവിമേനക – ചെയ്യുന്ന പ്രസംഗം ആ നിഗമനത്തെ കുറച്ചുകൂടി ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ആ ഭാഗം ഗവേഷകന്മാരുടെ അന്വേഷണത്തിനും വിധിക്കുമായി വിട്ടൊഴിയുവാനേ തൽക്കാലം ഇവിടെ നിവൃത്തിയുള്ളു.
