കേരളീയ കവയിത്രികൾ
മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേർ തെളി-
ച്ചില്ലേ പണ്ടു സുഭദ്ര, പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികൾക്കു പാടവമിവയെ്ക്കല്ലാം ഭവിച്ചീടുകിൽ-
ച്ചൊല്ലേറും കവിതയ്ക്കു മാത്രമിവരാളല്ലെന്നു വന്നീടുമോ?
എന്ന വീരവാദത്തോടുകൂടിയായിരുന്നു അതിൻ്റെ തിരപ്പുറപ്പാടുതന്നെ. നടീസൂത്ര ധാരസംഭാഷണരൂപമായ പ്രസ്താവനയിൽ, യോഗ്യന്മാരായ പുരുഷന്മാർ സാധിക്കേണ്ട കവിധർമ്മം ഒരു സ്ത്രീ നിർവ്വഹിക്കാൻ പുറപ്പെട്ടാൽ നന്നായിത്തീരുകയില്ലെന്നു് സൂത്രധാരൻ അധിക്ഷേപിക്കുമ്പോൾ, ‘പുരുഷന്മാരാൽ സാദ്ധ്യമായ ഏതു കാര്യവും സ്ത്രീകളാലും സാദ്ധ്യമാവു’മെന്നു നടി തീർത്തുപറയുകയും, അതിനു് ഉപോൽബലകമായി പ്രസ്താവിക്കുകയുമാണു് മേൽപ്പറഞ്ഞ പദ്യത്തിൽ ചെയ്യുന്നതു്. പില്ക്കാലത്തു് കേരളീയവനിതമാർക്കെല്ലാം പല കാര്യങ്ങളിലും ആവേശവും അഭിനിവേശവും ജനിപ്പിക്കുവാൻ സർവ്വപ്രകാരേണയും പ്രചോദനമരുളിയിട്ടുള്ള ഒരു പദ്യമാണതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. സുഭദ്രാർജ്ജുനം അക്കാലത്തു് ഒട്ടുവളരെ ഒച്ചപ്പാടുണ്ടാക്കിയ ഒരു നാടകമായിരുന്നു. അഞ്ചങ്കങ്ങളിൽ വിരചിതമായ പ്രസ്തുത നാടകം, ആ കാലഘട്ടത്തിൽ കേരളത്തിലുണ്ടായിട്ടുള്ള സ്വതന്ത്രനാടകങ്ങളിൽ അദ്വിതീയസ്ഥാനമർഹിച്ചുമിരുന്നു. രസഭാവാദികളുടെ ആവിഷ്കരണത്തിൽ കവയിത്രി വേണ്ടത്ര നിഷ്ക്കർഷ പ്രദർശിപ്പിക്കുന്നുണ്ട്. അർത്ഥാലങ്കാരങ്ങളിലും അതുപോലെതന്നെ. ഒരു പദ്യംമാത്രം ഇവിടെ ഉദ്ധരിക്കാം:
മെല്ലെച്ചെന്നു ലതാഗൃഹത്തിലുതിരും പുരേണുഭസ്മം ധരി-
ച്ചുല്ലാസാലണയുന്ന ഭൃംഗനിരയാം രുദ്രാക്ഷമാല്യത്തൊടും
നല്ലാമോദമിയന്ന മാധവസഖൻ മന്ദാനിലൻ ഗൂഢമായ്
ച്ചെല്ലുന്നൂ യതിപോലെ മാധവിയെയൊന്നാലിംഗനം ചെയ്യുവാൻ.
ഈ നാടകം കരമന കേശവശാസ്ത്രി സംസ്കൃത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നുള്ള വസ്തുതകൂടി ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.
നളചരിതം എന്നൊരു നാടകവും ഈ കവയിത്രി എഴുതിയിട്ടുണ്ട്. അതു മുഴുവനാക്കിയിട്ടില്ലെന്നറിയുന്നു. ഇക്കാവമ്മ കവിതാപഥത്തിൽ സഞ്ചരിച്ചിരുന്ന കാലത്തു് ചില രസികേശ്വരന്മാർ ഈ ‘തോട്ടയ്ക്കാട്ടെക്കമനിമണി’യോടു് ഏറ്റുമുട്ടിയതും മറ്റുമായ സംഭവങ്ങൾ സാഹിത്യലോകത്തിൽ അക്കാലത്തു വളതെ പ്രസിദ്ധങ്ങളായിരുന്നു.
