കേരളീയ കവയിത്രികൾ
കെ. എം. കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ: വടക്കെ മലബാറിലുള്ള കോട്ടയം താലൂക്കാണു് കവയിത്രിയുടെ ജന്മദേശം. അവിടെ കണ്ണാരത്തു മല്ലോളിൽ എന്ന തറവാട്ടിൽ 1052-ൽ കുഞ്ഞുലക്ഷ്മിയമ്മ ജനിച്ചു. വലിയൊരു ഇല്ലത്തെ മൂപ്പനായ നീലകണ്ഠൻ ‘തിരുമുമ്പു്’ വിവാഹം ചെയ്തതുമുതല്ക്കാണു് കുഞ്ഞുലക്ഷ്മിയമ്മ, കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മയായിത്തീർന്നത്. 1122 ൽ കവയിത്രി പരഗതിപ്രാപിച്ചു. കവനകൗമുദി, ആത്മപോഷിണി തുടങ്ങിയ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ അവർ ധാരാളം കവിതകൾ എഴുതി പ്രസിദ്ധിനേടിയിട്ടുണ്ട്. പുരാണചന്ദ്രിക, കൗസല്യാദേവി അഥവാ വിധിബലം ഇവയാണു് പ്രധാനകൃതികൾ. ഗോകർണ്ണപ്രതിഷ്ഠ തുടങ്ങിയ ചില കൂട്ടുകവിതകളും കെട്ടിലമ്മയുടേതായിട്ടുണ്ട്.
ആറും ധനഞ്ജയനു ദുർമ്മദമപ്പൊഴപ്പോ-
ളേറും മനസ്സിലതു വിട്ടൊഴിയാതെ വീണ്ടും
മാറുന്നു ഭാസ്ക്കരനുദിക്കുകിലെങ്കിലും ക-
യ്യേറുന്നു രാത്രിയിലിരുൾപ്പടയെന്നപോലെ.
നേരറ്റിടും പ്രകൃതിയാം ജനയീത്രിതൻ്റെ
നീരന്ധ്രനീലഘനകുന്തളമെന്നപോലെ
പാരം പടർന്നിരുളെഴും ഗഹനങ്ങളും ക-
ണ്ടാരമ്യശീലരൊരു ശൈലതടത്തിലേറി.
പുരാണചന്ദ്രികയിലെ ഈ പദങ്ങൾ എത്ര കണ്ട് ആമോദജനകങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.
