പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

ഗൗരിക്കെട്ടിലമ്മ : തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ പുത്രിയാണിവർ. അമ്മയുടെ പാരമ്പര്യത്തെ തികച്ചും പുലർത്തിയ ഒരു കവയിത്രി. ഭർത്താവ് കടത്തനാട്ട് ശങ്കരവർമ്മരാജാ. കെട്ടിലമ്മയും ശങ്കരരാജാവുംകൂടി ബാലഗീതം, ദൈവയോഗം എന്നിങ്ങനെ ചില കൃതികൾ നിർമ്മിച്ചിട്ടുണ്ട്. ഒട്ടുവളരെ ശ്ലോകങ്ങളും. ഉർവ്വശീഫൽഗുനീയം എന്ന ഒരു അക്ഷരശ്ലോകമാലയിൽ, ഈ മഹതിയുടെ അനേകം കവിതാപുഷപങ്ങൾ കാണാം. അവയിൽനിന്നു് അടർത്തിയെടുത്ത ഒരു പുഷ്പമാണിത്:

ആരാമണീയകളേബരകാന്തി കണ്ടു
മാരാർത്തിപൂണ്ടു പരമുർവ്വശി മോഹമാണ്ടു
ആരാകിലും വിഷമമില്ലഴകൊന്നുമാത്രം
ആരാമമാർക്കുമദനാർത്തി വരുത്തുമല്ലോ.

മലയാളമനോരമ, ഭാഷാപോഷിണി, കവനകൗമുദി തുടങ്ങിയ അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളിലും കെട്ടിലമ്മയുടേയും ഭർത്താവായ ശങ്കരവർമ്മയുടേയും അനേകം കവിതകൾ കാണാം.

പഴയ തലമുറയിലെ ഈ കവയിത്രി 1973 ആഗസ്റ്റ് 14-ാം തീയതി അന്തരിച്ചു.