പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

തെക്കേക്കുന്നത്തു കല്യാണിക്കുട്ടിഅമ്മ: ചേന്നമംഗലത്തു തെക്കേക്കുന്നത്തു ഭവനത്തിൽ മാധവിയമ്മയുടെ പുത്രിയാണു് കല്യാണിക്കുട്ടിഅമ്മ. എറണാകുളത്ത് ചീഫ് കോർട്ടുവക്കീലായിരുന്ന കോഴിക്കോട്ടു കൃഷ്ണമേനോൻ ബി.എ. ആയിരുന്നു പിതാവ്. 1071 മീനമാസത്തിൽ അനിഴം നക്ഷത്രത്തിലത്രെ കല്യാണിക്കുട്ടിഅമ്മയുടെ ജനനം. പതിനഞ്ചാമത്തെ വയസ്സുമുതൽ മംഗളോദയം, കവനകൗമുദി മുതലായി അക്കാലത്തെ പ്രസിദ്ധങ്ങളായ പല മാസികകളിലും കവിതകൾ എഴുതിക്കൊണ്ടിരുന്നു. 1092-ൽ വിവാഹബന്ധത്തിലേർപ്പെട്ടു. ഒരു നല്ല കവിയെന്ന നിലയിൽ പേരെടുത്ത പട്ടം എൻ. കൊച്ചുകൃഷ്ണപിള്ളയെയാണു് അവർ സ്വഭർത്താവായി സ്വീകരിച്ചതു്. ‘പരസ്പരതപസ്സമ്പൽ പരസ്പരഫലായിത’മായ ആ ദാമ്പത്യ ജീവിതത്തിൽ ഓമന, രാധ, ശ്രീമതി എന്നു മൂന്നു കുമാരിമാർ സംജാതരായി. പ്രസ്തുത കുമാരിമാർ മൂന്നുപേരും ഒരുപോലെ അച്ഛനമ്മമാരുടെ പാരമ്പര്യം പുലർത്തി ഇന്നു കാവ്യലോകത്തിൽ യശസ്സു സമ്പാദിച്ചുകൊണ്ടിരിക്കുകയാണു്. ലളിതമധുരമായ ഒരു കാവ്യശൈലി അവർക്കു സ്വാധീനമായിട്ടുമുണ്ട്.

കല്യാണിക്കുട്ടിഅമ്മ, ഭർത്താവൊരുമിച്ചു തിരുവനന്തപുരത്തു താമസിച്ചുകൊണ്ടിരുന്ന കാലത്തു് പുനലൂർനിന്നു പുറപ്പെട്ടിരുന്ന ‘ശാരദ’യുടെ പ്രസാധികയായി കുറേക്കാലം പ്രവർത്തിച്ചിരുന്നു. ഭർത്താവ് അതിൻ്റെ പത്രാധിപരുമായിരുന്നു. 1097-ൽ തൻ്റെ പ്രിയതമൻ അകാലചരമം പ്രാപിച്ചതോടെ ആ സാധ്വി നിരുത്സാഹിയായിത്തീർന്നു എന്നുതന്നെ പറയാം. എങ്കിലും ജന്മസിദ്ധമായ വാസനയും ചേതനയും അവരെ കാവ്യമാർ​ഗ്ഗത്തിൽനിന്നു തീരെ പിന്തിരിപ്പിക്കയുണ്ടായില്ല.

‘സാഹിത്യസൗന്ദര്യം’ ഒന്നാം ഭാഗമാണു് കല്യാണിക്കുട്ടിഅമ്മ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതി. അതിൽ ‘സ്മരണകൾ’ മുതൽ ‘ഗുരുദക്ഷിണ’വരെയുള്ള 35 ലഘു കവനങ്ങൾ അടങ്ങിയിരിക്കുന്നു. ലാളിത്യവും ശയ്യാഗുണവും തികഞ്ഞവയാണു് കല്യാണിക്കുട്ടിഅമ്മയുടെ കൃതികൾ എല്ലാംതന്നെ. കവിതാരീതി കാണിക്കുവാൻ ‘ഓണം’ എന്ന കവിതയിൽനിന്നു രണ്ടു പദ്യങ്ങൾ പ്രദർശിപ്പിച്ചുകൊള്ളട്ടെ:

കള്ളക്കർക്കടകം കഴിഞ്ഞു പുതുതാം കൊല്ലം പിറക്കുന്നതാ-
യുള്ളാ ചിങ്ങമതിൽ, ശരിക്കു വരുമീയോണം മഹത്താം മഹം
കള്ളം ചൊല്ലുകയല്ല, കേരളമഹിക്കീയുത്സവം പോലെ, മ-
റ്റില്ലുത്സാഹകരം പരം സുദിനമീമട്ടുള്ളതൊന്നെങ്കിലും.

മുറ്റം വൃത്തിവരുത്തി,യൊട്ടു മെഴുകിപ്പൂവിട്ടുഷക്കാലമ-
ങ്ങറ്റം വിട്ടൊരു മോദമോടു ശുചിയായ് നീരാടി നാരീജനം,
കൊററും തൃപ്തിവരെക്കഴിച്ചു, പലരും പന്താടിയും പാടിയും
മറ്റും ചെറ്റു തകർത്തൊ’രോണ’മിതിനേ കൊണ്ടാടിടുന്നുണ്ടിതാ.