പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

കടത്തനാട്ടു മാധവിഅമ്മ: കാവ്യലോകത്തിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ഒരു കവയിത്രിയത്രെ കടത്തനാട്ടു കെ. മാധവിഅമ്മ. വടക്കേമലബാറിൽ ഇരിങ്ങണ്ണൂർ അംശത്തിൽ കടത്തനാട്ടു കിഴുപ്പള്ളിത്തറവാട്ടിലെ കല്യാണിയമ്മയുടേയും, തിരുവോത്തു കൃഷ്ണക്കുറുപ്പിൻ്റേയും ദാമ്പത്യജീവിതഫലമായി 1084 ഇടവം 25-ാം തീയതി അവർക്കു ജനിച്ച പുത്രിയാണ് മാധവി അമ്മ. 15- മത്തെ വയസ്സിൽ വിവാഹിതയായി. 19-ാം വയസ്സിൽ വൈധവ്യം അനുഭവിക്കേണ്ടിവന്നു. ആയിടയ്ക്ക് എഴുതിയതാണു് ‘തച്ചോളിൽ ഒതേനൻ’ എന്ന ഗദ്യ കൃതി. അക്കാലത്തു കണ്ണൂരിൽനിന്നു പുറപ്പെട്ടിരുന്ന ‘സ്വാഭിമാനി’ പത്രത്തിൻ്റെ പത്രാധിപരും, പ്രസിദ്ധ കമ്മ്യൂണിസ്റ്റ് നേതാവായ ഏ. കെ. ​ഗോപലൻ്റെ സഹോദരനുമായ ഏ. കെ. കുഞ്ഞിക്കൃഷ്ണൻനമ്പ്യാരുമായി കവയിത്രി പരിചയപ്പെടുകയും ആ പരിചയം രണ്ടാമതൊരു വിവാഹബന്ധത്തിൽ എത്തിക്കയും ചെയ്തു. 19-ാമത്തെ വയസ്സിൽ ഒരു ഗദ്യകൃതി എഴുതിയ വിവരം സൂചിപ്പിച്ചുവല്ലോ. അതിനുമുമ്പേതന്നെ പല പദ്യകൃതികളും അവർ എഴുതിത്തുടങ്ങി. കവനകൗമുദി മുതലായ മാസികകളിൽ അക്കാലത്ത് ഈ മഹതിയുടെ വിഹാരം ധാരാളമായിരുന്നു. ‘മുറിച്ചിട്ട മാവ്’ വീണപൂവിനെ അനുകരിച്ച് എഴുതിയിട്ടുള്ള ഒരു സരസകൃതിയാണു്.

ചിതറും സുഖവാഞ്ഛയാൽ സ്വയം
ഹതഹൃത്താകിന മാനുഷാധമൻ
ബത! കാശിനുവേണ്ടി നിൻ്റെമേൽ
ശിതമാം പാഴ്മഴു തല്ലിയേറ്റിയോ?

ഇങ്ങനെ വികാരജനകങ്ങളായ പല പദ്യങ്ങളും അതിലുണ്ട്.