കേരളീയ കവയിത്രികൾ
മാധവിഅമ്മ അടുത്തകാലത്തു പുറപ്പെടുവിച്ചിട്ടുള്ള ഒരു സമാഹാരമാണു് ‘ഗ്രാമശ്രീകൾ’. ഇരുപത്തെട്ടു ലഘുകവിതകൾ അതിൽ അടങ്ങിയിരിക്കുന്നു. ഗ്രന്ഥനാമത്തെക്കുറിക്കുന്ന പ്രഥമ കവിതയിൽ, ഗ്രാമത്തിനു ശോഭയോ ഐശ്വര്യമോ ചെയ്യുന്ന സാധുക്കളായ കർഷക വനിതകളേയും അവരുടെ കലാകുശലതയേയും പ്രകീർത്തിക്കുന്നു.
കൈകൾ പിണഞ്ഞു പണികയായ് ഞാറിന്മേൽ
കാൽകൾ ചളിയിൽ കുതിക്കയായി
താഴെ, വയലിൽ, നിരയായ് നിരയായി
നീലനീരാളം വിരിയുകയായ്,
വായുവിൽ കേരളവീരാപദാനങ്ങ-
ളാലോലനർത്തനമാടുകയായ്.
മണ്ണിൻ്റെ അരുമമക്കളായ ആ കർഷകപ്പെണ്ണുങ്ങൾ ഞാർ നട്ടുതുടങ്ങിയപ്പോൾ വയലിൽ നീലനീരാളം നിരനിരയായി വിരിച്ചതു പോലെ ശോഭകൊള്ളുകയായി. ആ നടിച്ചിൽപ്പെണ്ണുങ്ങൾ കേരളത്തിലെ വീരാപദാനങ്ങൾ ഉദ്ഗാനം ചെയ്യുമ്പോൾ ആ ഞാറിൻതലകൾ ഇളകി നൃത്തമാടുന്നതുപോലെ വായുവിൽ ചലിക്കുകയായി. എത്ര മനോഹരമായിരിക്കുന്നു ഭാവനയെന്നു നോക്കുക.
ഗ്രാമശ്രീകളിൽ സ്ത്രീത്വത്തിൻ്റെ നിശ്ശബ്ദവേദനകൾ പ്രകാശിപ്പിക്കുന്ന ഒന്നിലധികം കവിതകളുണ്ട്. അവയിൽ ‘അവൾ’ സർവ്വപ്രധാനമാണു്. ‘ഓമനയോടു് പറയുന്ന വാക്കുകൾ ഹൃദയഹാരിയായ ഒരു ഭാവാത്മകകാവ്യംതന്നെ. ‘മറവി’ മനോജ്ഞമായ കല്പനകൾ നിറഞ്ഞ ഒരു മിസ്റ്റിക്ക് കവിതയാണ്.
