പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

‘അജ്ഞാതബന്ധം’ എന്ന കവിതയിൽ ഒരു മാതാവിനു തൻ്റെ ശിശുവിനോടുണ്ടാകുന്ന ബന്ധത്തെ മുൻനിർത്തിയുള്ള ചില ചിന്തകൾ അടങ്ങിയിരിക്കുന്നു. ‘താളം പിഴച്ച പാട്ടി’ൽ ആ ഓമനപ്പൈതൽ, തന്നെ വിട്ടുപോകുമ്പോഴുണ്ടാകുന്ന ഒരു മാതൃഹൃദയത്തിൻ്റെ ചലനവും പ്രകാശിപ്പിക്കുന്നു. ഒടുവിൽ പറഞ്ഞ രണ്ടു കവിതകളും സ്വാനുഭവങ്ങളുടെ ഊഷ്മാവുതട്ടി ബീജാങ്കുരം പൂണ്ടവയാണന്നു തോന്നുന്നു. ‘ഗ്രാമലക്ഷ്മി’യിൽ കൊയ്ത്തുകാലത്തിൻ്റെ ഒരു ചിത്രമാണു കവയിത്രി പ്രകാശിപ്പിക്കുന്നത്. പിന്നിട്ടതു മുഴുവൻ പഴഞ്ചനും പരിവർജ്ജ്യവുമായി തോന്നുന്ന ഒരു ജീവിതചിത്രമാണു് ‘വളരുന്ന മനുഷ്യ’നിൽ. ഇങ്ങനെ ഈ സമാഹാരത്തിലെ ഓരോ കവിതയും അതാതു നാമങ്ങൾക്കനുരൂപമായ ഭാവപ്രകാശമരുളുന്നവയാണു്.

ആഴിപോലെയലയടിക്കുന്ന–ജീവിതത്തിൻ തുടിക്കും കയത്തിൽ
ആഞ്ഞുചാടുവാനോങ്ങിനില്ക്കുന്നു–സാന്ദ്രസുന്ദരയൗവ്വനോന്മാദം.

ഇത്തരം കവിതകൾ സാന്ദ്രസുന്ദരങ്ങൾ തന്നെ. വളരുന്ന മനുഷ്യനിൽ കവയിത്രിയുടെ വിചാരവളർച്ചയാണു നാം കാണുന്നത്. ‘കാവ്യോപഹാരം’ മാധവിഅമ്മയുടെ മറെറാരു സമാഹാരമത്രെ.

കണിക്കൊന്ന: ഗ്രാമീണകേരളത്തിൻ്റെ ഗായികയായ ഈ കവയിത്രിയുടെ ഷഷ്ടിപൂർത്തിപ്രമാണിച്ച് 1969-ൽ ഏറ്റവും പുതിയതും മികച്ചതുമായ അവരുടെ കവിതകൾ സമാഹരിച്ചു് പ്രസിദ്ധീകരിച്ചിട്ടുള്ളതാണു് കണിക്കൊന്ന. ലളിതഭാവങ്ങളെ സരളരൂപത്തിൽ ആവിഷ്കരിക്കുന്ന കവിതകളാണ് ഇവയിലുള്ളത്.