കേരളീയ കവയിത്രികൾ
മേരി ജോൺ തോട്ടം: ഭാഷാകവനസരണിയിൽ നിസർഗ്ഗരമണീയമായ സ്ഥാനം നേടിയിട്ടുള്ള ചുരുക്കം ചില കേരളീയ വനിതകളിൽ പരമോദാരമായ സ്ഥാനമർഹിക്കുന്ന ഒരു കവയിത്രിയാണു് മേരിജോൺ തോട്ടം. കോട്ടയം ജില്ലയിലുള്ള ഇത്തിക്കരയിൽ തോട്ടത്തിൽ കുടുംബത്തിലെ അംഗമായ ജോണിൻ്റേയും മാന്നാനത്തു പാട്ടശ്ശേരിൽ മറിയത്തിൻ്റേയും സീമന്തപുത്രിയായി 1901 ജൂൺ 24-ാംതീയതി കവയിത്രി ജനിച്ചു. 27-ാമത്തെ വയസ്സിൽ സിസ്റ്റർ മേരിബനിഞ്ഞ എന്ന നാമധേയം സ്വീകരിച്ച് ഇവർ സന്യാസിനി ജീവിതം കൈക്കൊണ്ടു. വളരെ ചെറുപ്പം മുതല്ക്കേ കവിതാവാസന ഈ കാവ്യകർത്രിയിൽ അങ്കുരിച്ചിരുന്നു. നസ്രാണിദീപിക, കേരളീയകത്തോലിക്കൻ തുടങ്ങിയ പത്രമാസികകളിൽ അക്കാലത്തു പല കവിതകളും മേരി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യകാലത്തെ പല ലഘുകവിതകളും സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് ‘ഗീതാവലി’, ‘കവിതാരാമം’ എന്നീ കൃതികൾ. കവയിത്രിയുടെ വർണ്ണനാവൈദഗ്ദ്ധ്യവും കല്പനാവൈഭവവും വ്യക്തമാക്കുവാൻ പ്രസ്തുത കൃതികൾ തികച്ചും ശക്തങ്ങളാണു്. ഗീതാവലിയിലെ “ഇതല്ലേ കാണേണ്ടതു്’ എന്ന കൃതിയിൽ പ്രകൃതിയെ വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക:
നീലപ്പട്ടു വിരിച്ചതിൻ്റെ നടുവിൽ ഗ്യാസ് ലൈറ്റുവെച്ചെത്രയും
ചേലേറുന്നൊരു രത്നജാലകമേ ചുറ്റും വിതച്ചിട്ടപോൽ
ചേലഞ്ചുന്നൊരു ചന്ദ്രനേയുമതുപോൽ നക്ഷത്രജാലത്തെയും
താലോലിച്ചു വഹിച്ചുകൊണ്ടു വിലസീടുന്നു നഭോമണ്ഡലം.
പ്രസ്തുത സമാഹാരത്തിലെ ‘കവിതാകാമിനി’യെക്കൊണ്ടു കവിതയുടെ കഴിവുകളെപ്പറ്റി പ്രസംഗിപ്പിക്കുന്നിടത്തു് കവയിത്രിയുടെ വിഭാവനാചാതുരി കുറെയേറെ പ്രകടമാകുന്നുണ്ടു്.
