പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

കവിതാരാമത്തിലെ ‘പ്രഭാവതി’ ഹൃദയഹാരിയായ ഒരു കവിതയാണു്. കാമുകനാൽ വഞ്ചിതയായ പ്രഭാവതിയുടെ ഒരു ദുരന്തചിത്രമാണു് കവയിത്രി അതിൽ പ്രദർശിപ്പിക്കുന്നതു്.

ഒരുത്തി നല്ല സുന്ദരാംഗി സ്വർവധൂഗണത്തിലും
പെരുത്തസൂയ ചേർത്തിടുന്ന മോഹനാംഗിമാർമണി
വിരിച്ച മെത്തതന്നിലങ്ങിരുന്നിടുന്നു ദീപമൊ-
ന്നെരിഞ്ഞിടുന്നടുത്തുതന്നെ മങ്ങിമങ്ങിയപ്പൊഴും.

ആ നായിക, നായകനു് എഴുതുന്ന കത്തിലെ ഒരു ഭാഗം നോക്കുക:

സ്ഥിരപ്രതിഷ്ഠയെൻ്റെയുള്ളിലാർന്ന ജീവനായകാ,
പരാംഗനയ്ക്കധീനനായ് ചമഞ്ഞൊരെൻ പ്രഭാകരാ,
എരിഞ്ഞു ചാമ്പലായൊരെൻ്റെ ചിത്തമിന്നു കാഴ്ചയായ്-
ത്തരുന്നു; നിൻപദങ്ങളിൽ നമസ്കരിച്ചിടുന്നു ഞാൻ.
കളഞ്ഞുപോയി നീനിമിത്തമെൻ്റെ നല്ല പേരു, മേ-
ലിളയ്ക്കു ഭാരമായി ഞാൻ ധരിപ്പതില്ല ജീവനെ.

എന്ന ദൃഢനിശ്ചയത്താൽ പ്രഭാവതി ആ കൊടുംതമസ്സിൽ കിണറ്റിൽച്ചാടി ആത്മഹത്യചെയ്യുന്നു. ഈയവസരത്തിൽ കവയിത്രി ലോകത്തിനു് ഒരു താക്കീതു നല്കുന്നതു ശ്രദ്ധേയമാണു്:

തരുണിമണികളെപ്പോലുള്ളലിഞ്ഞുള്ള രാഗം
പുരുഷരിലൊരുനാളും കാണ്മതില്ലെന്തുചെയ്യാം !
ചതികളുമിതുമട്ടിൽ പുരുഷന്മാർ തുടർന്നാൽ
സതികളവർ ശപിക്കും ലോകമെല്ലാം നശിക്കും.