പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

പ്രഭാവതി കേവലം സങ്കല്പകല്പിതമായ ഒരു കഥയാണെങ്കിൽത്തന്നെയും കവയിത്രിയുടെ ഉള്ളിൽത്തട്ടി പുറപ്പെട്ടിട്ടുള്ളതാകയാൽ ഭാവുകഹൃദയത്തെ പുളകംകൊള്ളിക്കാൻ അതിനു് അന്യാദൃശമായ കഴിവുണ്ട്. ‘സായാഹ്നത്തിലെ ഏകാന്തയാത്ര’യിൽനിന്നു് ഒരു പദ്യം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

തങ്കപ്പൂച്ചിനകത്തു നേർത്തു മിനുസപ്പെട്ടുള്ള പട്ടിൽ പരം
പങ്കസ്പർശമെഴാതെ പോറ്റുമഴകേറീടുന്ന ഗാത്രങ്ങളും
തങ്കം വെണ്മകളൊക്കെയങ്ങു വെടിയും മണ്ണിന്നടിക്കീവിധം
ശങ്കിക്കേണ്ടൊരുനാൾ ശയിക്കു,മഖിലം മണ്ണോടുമണ്ണായിടും.

കവയിത്രിയുടെ കന്യകാമഠപ്രവേശനത്തെയും ലോകത്തോടുള്ള വിടവാങ്ങലിനേയും ലക്ഷീകരിച്ചു രചിച്ചിട്ടുള്ള ഒരു ലഘുകാവ്യമാണു ‘ലോകമേ യാത്ര’. ഇതു കവയിത്രിയുടെ ഒരു ജൈത്രയാത്രയാണെന്നുകൂടി പറയാം. ആദർശാത്മകത, ഭാവാനുകീർത്തനത്തിനുതകുന്ന ഛന്ദസ്സ് എന്നിവയാൽ അനുഗൃഹീതമാണു പ്രസ്തുത കവിത.

ജനിച്ചനാൾതുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോ-
ടെനിക്കു വേണ്ടതൊക്കെ നല്കിയാദരിച്ച ലോകമേ,
നിനക്കു വന്ദനം! പിരിഞ്ഞുപോയിടട്ടെ ഞാനിനി-
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയെ വരിക്കുവാൻ.
സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും
അമർന്നുപോയി കാലചക്രവിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതിൽ.

ഇവയിലെ ഗാനമാധുരി ഒന്നുമാത്രം മതി, അനുവാചകരെ ആനന്ദവാരിധിയിൽ ആറാടിക്കുവാൻ.