പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

മനോരമത്തമ്പുരാട്ടി: സംസ്കൃതപണ്ഡിതയായിരുന്ന മനോരമത്തമ്പുരാട്ടിയുടെ പേർ പ്രസിദ്ധമാണല്ലോ. കൊല്ലം 935-ാമാണ്ടു കോഴിക്കോട്ടു കിഴക്കേ കോവിലകത്തു ജനിച്ച ആ മഹതിയുടെ സാക്ഷാൽ നാമധേയമെന്തെന്നറിയുന്നില്ല. ഭട്ടോജിദീക്ഷിതരുടെ ‘പ്രൗഢമനോരമ’യിൽ അതിമാത്രം നൈപുണ്യം നേടിയതുകൊണ്ടും, ‘മനോജലീലാരസലോലമാനസ’യായിരുന്നതുകൊണ്ടും ‘മനോരമ’ എന്ന അന്വർത്ഥനാമം പില്ക്കാലത്ത് അവർക്കു ലഭിച്ചതാണെന്നു് ‘മാനവിക്രമീയം’ എന്ന കാവ്യത്തിൽനിന്നു തെളിയുന്നുണ്ട്. അവിടത്തെ ഭർത്താവായിത്തീർന്ന പാക്കത്തു ഭട്ടതിരി അവ്യുൽപന്നനായിരുന്നതിനാൽ അദ്ദേഹത്തെപ്പറ്റി,

യസ്യ ഷഷ്ഠീ ചതുർത്ഥീ ച വിഹസ്യ ച വിഹായ ച
അഹം കഥം ദ്വിതീയാ സ്യാദ്-ദ്വിതീയാ സ്യാമഹം കഥം? *

* (ഏതൊരാൾക്കും വിഹസ്യ, വിഹായ എന്നീ അവ്യയങ്ങൾ ഷഷ്ഠിയും ചതുർത്ഥിയുമാകുന്നുവോ, അയാൾക്കു് അഹം, കഥം എന്നീ പദങ്ങൾ ദ്വിതീയയുമാകാം. അത്തരത്തിലുള്ള ഒരാൾക്കു ഞാനെങ്ങനെയാണ് ദ്വിതീയ അഥവാ ഭാര്യയാവുക?)

എന്ന ശ്ലോകം അവർ രചിച്ചുവെന്നും പണ്ടേ പ്രസിദ്ധിയുള്ളതാണു്. ഏതായാലും തമ്പുരാട്ടിയുടെ പാണ്ഡിത്യത്തേയും പ്രാഗത്ഭ്യത്തേയും വിളംബരം ചെയ്യുവാൻ പ്രസ്തുത ശ്ലോകം ഒന്നുമാത്രം മതിയാകുന്നതാണു്.