കേരളീയ കവയിത്രികൾ
ആത്മാവിൻ്റെ സ്നേഹഗീത: അന്യാദൃശമായ വർണ്ണനാരീതികൊണ്ടും, അനർഗ്ഗളമായ വചോവിലാസം കൊണ്ടും, ഗംഭീരങ്ങളായ ആശയതല്ലജങ്ങൾകൊണ്ടും വികാരത്തിന്റെ വിജ്രംഭണതകൊണ്ടും മനോമോഹനമായ ഒരു വിശിഷ്ടകൃതിയാണിത്. പ്രപഞ്ചത്തിൻ്റെ ബഹുമുഖങ്ങളായ പ്രലോഭനങ്ങൾക്കുമദ്ധ്യേ ജീവിതയാത്ര ചെയ്യുന്ന നായിക – മുമുക്ഷുവായി ‘അറയിൽ തിരിയും കൊളുത്തി’ കുറേക്കാലം അസഹ്യമായ വിരഹദുഃഖം സഹിച്ച് പ്രിയനെ കാത്തു ദിനങ്ങൾ പോക്കിയിട്ടും കാണായ്കയാൽ, തൻ്റെ ആത്മനാഥനെ അന്വേഷിക്കുകയും, അദ്ദേഹമൊരുമിച്ചു വരഗൃഹത്തിലേക്കു തിരിക്കുകയും മണിമന്ദിരപ്രവേശത്തിലുള്ള ആകാംക്ഷയോടുകൂടി പ്രാന്തദേശത്തുള്ള പൂവാടിയിൽ വിഹരിക്കുകയും ചെയ്യുന്നു. ഇതാണു് സ്നേഹഗീതയിലെ പ്രതിപാദ്യം. പ്രത്യക്ഷത്തിൽ കവയിത്രിയുടെ ആശ്രമപ്രവേശവും, കന്യകാലയജീവിതവുമാണു് ഇതിലെ പ്രമേയം. എന്നാൽ പ്രാപഞ്ചികങ്ങളായ വ്യാമോഹങ്ങളിൽനിന്നു പന്തിരിഞ്ഞ് സച്ചിതാനന്ദ സ്വരൂപനെ പ്രാപിക്കുവാൻ ബദ്ധപ്പെടുന്ന ഒരു ആത്മാവിൻ്റെ മനോഹരമായ വർണ്ണനവുമാണികൃതി. ഡാൻറിയുടെ ‘ഡിവൈൻ കോമഡി’പോലെ അതുല്യമായ ഒരു മിസ്റ്റിൿ കാവ്യമാണിത്. മലയാളത്തിൽ ഇത്ര സമഗ്രവും ഗുണപുഷ്ക്കലവുമായ ഒരു മിസ്റ്റിക് കാവ്യം മറ്റൊന്നില്ലെന്നുതന്നെ പറയാം. പാവനവും നിഷ്കളങ്കവുമായ അനശ്വരപ്രേമത്തിൻ്റെ അനന്യസാധാരണവും അതിരമണീയവുമായ ഒരു നിസർഗ്ഗ നൃത്തമാണ് സ്നേഹഗീതയിൽ ദൃശ്യമാകുന്നതു്. സ്താലീപുലാകന്യായാന ചില പദ്യങ്ങൾ ഇവിടെ പ്രദർശിപ്പിക്കാം:
ഇരുളാം തിരിതൻ്റെ പിന്നിലായ്
നിശയാകും നടി നിന്നുകൊണ്ടിതാ
നടനത്തിനു കോപ്പണിഞ്ഞിടു–
ന്നവിടുന്നെന്തു വരാത്തതിപ്പൊഴും! (11-5)
