കേരളീയ കവയിത്രികൾ
സാത്വികമായ ശൃംഗാരം അതിൻ്റെ വിപ്രലംഭാവസ്ഥയിൽ സമഗ്രമായും, സംഭോഗാവസ്ഥയിൽ സമഷ്ടിയായും അതിവിദഗ്ദ്ധമായി ഇക്കാവ്യത്തിൽ വർണ്ണിച്ചിട്ടുണ്ട്. പ്രണയത്തെ – ദിവ്യപ്രേമത്തെ – ആദ്ധ്യാത്മികവും, നിത്യാനന്ദമയവുമായ ഉത്തുംഗപദത്തിലേക്കുയർത്തുവാൻ അതിൻ്റെ ദിവ്യമാധുരിയെ സങ്കുചിതമായ ലോകഭിത്തികൾക്കുള്ളിൽ തടഞ്ഞുനിർത്താതിരിക്കുവാൻ, അഭിനന്ദനീയമായ യത്നം ചെയ്തിട്ടുള്ള കേരളീയകാവ്യകാരരിൽ കനിഷ്ഠികാധിഷ്ഠിതമായ സ്ഥാനം പ്രസ്തുതകാവ്യംവഴി സിസ്റ്റർ ബനീഞ്ഞ കരസ്ഥമാക്കിക്കഴിഞ്ഞിരിക്കുന്നു. ‘സായാഹ്നംവരെയാത്മനാഥനൊരുമിച്ചു് ആശ്രമവാടിക്കുള്ളിൽത്തന്നെ വാഴുവാൻ ദൃഢനിശ്ചയം ചെയ്തിട്ടുള്ള ഈ യോഗിനി അവരുടെ വാഗ്ദാനമനുസരിച്ചു ‘ദിവ്യപ്രേമസുധാബ്ധിയിൽ’ ആറാടിക്കുന്ന അനേകം സൽക്കാവ്യങ്ങൾ ചമച്ചു കേരളീയരെ ഇനിയും ആനന്ദിപ്പിക്കുമെന്നു നമുക്കു വിശ്വസിക്കാം.
സിസ്റ്റർ ബനീഞ്ഞയുടെ എഴുപതാം പിറന്നാൾ 1971 ആഗസ്റ്റ് 8-ാം തീയതി, അവരുടെ ജന്മദേശമായ ഇലഞ്ഞിയിൽവച്ച് ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി. സപ്തതി സ്മാരകമായി ഇലഞ്ഞിപ്പൂ എന്ന പേരിൽ ഒരു ഉപഹാരഗ്രന്ഥം പുറപ്പെടുവിക്കയുണ്ടായി. ‘കരയുന്ന കവിതകൾ’ സപ്തതിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സമാഹാരമാണു്. മറ്റു കൃതികൾ മാഗി, മധുമഞ്ജരി, വിധിവൈഭവം, ആദ്ധ്യാത്മികഗീത, ഭാരതമഹാലക്ഷ്മി, കവനമേള, ഗാന്ധിയെപ്പറ്റി തുടങ്ങിയവയത്രെ. മാർത്തോമാവിജയം മഹാകാവ്യത്തെപ്പറ്റി അന്യത്ര പ്രതിപാദിക്കുന്നുണ്ട്.
