പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

നാലപ്പാട്ടു ബാലാമണിയമ്മ: കാവ്യകർത്ത്രികളായ ഇന്നത്തെ കേരളീയവനിതമാരിൽ ഏതുകൊണ്ടും അഗ്രപൂജയെ അർഹിക്കുന്ന ഒരു മഹതിയാണു് ബാലാമണിയമ്മ. വന്നേരി സ്വദേശിയും പ്രസിദ്ധകവിയുമായ നാലപ്പാട്ടു നാരായണമേനോൻ്റെ സഹോദരി നാലപ്പാട്ടു കൊച്ചുകുട്ടിയമ്മയുടേയും, ചിറ്റഞ്ഞൂർ കുഞ്ഞുണ്ണിരാജാവിൻ്റെയും അരുമസന്താനമായി 1909 ജൂലൈ 19-ാം തീയതി (1084 കർക്കിടകം 4-ാം തീയതി) കവയിത്രി ജനിച്ചു. മാതൃഭൂമിയുടെ പ്രാരംഭപ്രവർത്തകന്മാരിൽ ഒരാളും, അതിൻ്റെ ഇപ്പോഴത്തെ മാനേജിംഗ് എഡിറ്റരുമായ വി. എം. നായരാണു് ബാലാമണിയമ്മയുടെ പ്രിയതമൻ.

സാഹിത്യക്ഷേത്രത്തിൽ ‘കൂപ്പുകൈയു’മായി പ്രവേശിച്ചു്’ ‘അമ്മ’യായും. ‘കുടുംബിനി’യായും, ‘ധർമ്മമാർഗ്ഗത്തിൽ’ എത്തി ‘സ്ത്രീഹൃദയം’ വ്യക്തമാക്കി വിഹരിക്കുന്ന ഈ മഹതി അനേകം സൽക്കൃതികൾ കൈരളിക്കു കാഴ്ചയായി അർപ്പിച്ചിട്ടുണ്ട്. പ്രേമത്തിൻ്റെ പരിശുദ്ധിയും മാതൃഹൃദയത്തിൻ്റെ മാർദ്ദവവും അകന്മഷമായ ഭാവോല്ലേഖവും കവയിത്രിയുടെ കവിതകളിൽ എവിടെയും മിന്നിത്തിളങ്ങുന്നു.

‘കൂപ്പുകൈ’ ആദ്യത്തെ കൃതിയാണെന്നു സൂചിപ്പിച്ചുവല്ലോ. ശിശുപരിപോഷണത്തിൻ്റെ ഓരോ ഘട്ടത്തേയും വികാരതരളിതമായവിധത്തിൽ ചിത്രണം ചെയ്തു രചിച്ചിട്ടുള്ള പത്തു രംഗങ്ങളാണ് ‘അമ്മ’യിലുള്ളതു്. പൈതങ്ങളെ ലാളിച്ചും, അവരുടെ കളികൾ കണ്ടുരസിച്ചും, ഈശ്വരനെ മനോരാജ്യത്തിൽ ചിന്തിച്ചും കഴിഞ്ഞിരുന്ന അമ്മയിലെ കവയിത്രി, കുടുംബിനിയായതോടുകൂടി ജോലിത്തിരക്കുപിടിച്ച ഒരന്തരീക്ഷത്തിൽ വ്യാപരിക്കുകയായി. ഭർത്തൃ പുത്രസ്നേഹം, ഈശ്വരസേവനത്തെ പ്രപഞ്ചശുശ്രൂഷയിൽക്കൂടി ദർശിക്കുവാൻ കവയിത്രി നമ്മെ പ്രേരിപ്പിക്കുന്നു. മനുഷ്യൻ്റെ ധർമ്മബോധം, കൃത്യനിഷ്ഠ തുടങ്ങിയ നാനാമുഖ വിഷയങ്ങളെ മനോജ്ഞമായി പ്രകാശിപ്പിക്കുകയാണു് ധർമ്മമാർഗ്ഗത്തിൽ. യാത്രാനുവാദം, സ്വപ്നം, ഗൃഹിണി എന്നു തുടങ്ങിയ പത്തു ചെറുകവിതകൾ ഉള്ളടക്കിയിട്ടുള്ളതാണു് സ്ത്രീഹൃദയം. ‘അവയിൽ ഒറ്റയൊറ്റ വികാരങ്ങൾ, ഇടയ്ക്കു പതറാതെ പടിപടിയായി വളർന്നു പരകോടിയോളം എത്തി, പെട്ടെന്നു നിലകൊള്ളുന്നു. അധികപ്പറ്റായോ അസ്വാഭാവികമായോ യാതൊന്നും അവയിലില്ല’ എന്നു പ്രൊഫസ്സർ ജോസഫ് മുണ്ടശ്ശേരി പ്രസ്താവിച്ചിട്ടുള്ളതും അതിശയോക്തി കലരാത്ത ഒരു പരമാർത്ഥമാണു്.