കേരളീയ കവയിത്രികൾ
മേൽപ്പറഞ്ഞ എല്ലാ കൃതികളും ഭാവനയുടെ ഭംഗികൊണ്ടും, വൃത്തങ്ങളുടെ വൈവിദ്ധ്യംകൊണ്ടും, ശയ്യയുടെ മാർദ്ദവം കൊണ്ടും ബഹിരന്തഃസ്ഫുരദ്രസമായ ദ്രാക്ഷാ പാകത്തിലുള്ളവയാണു്. ഒരു സ്ത്രീയുടെ – മാതാവിൻ്റെ –കുടുംബിനിയുടെ – യഥാർത്ഥമായ മനോഭാവം, അവരുടെ സകല കവിതകളിലും പ്രത്യക്ഷമായും പരോക്ഷമായും കളിയാടുന്നതു കാണാം. ബാലാമണിയമ്മയുടെ കവിതയെ ഇതരകാവ്യകൃത്തുകളുടെ കൃതികളിൽനിന്നു വ്യാവർത്തിച്ചുകാണിക്കുന്ന പ്രധാനധർമ്മവും അതു തന്നെ. മാത്രവുമല്ല, പലതിലും നൂതനചിന്തകൾ ആവിഷ്കരിക്കുവാനുള്ള യത്നവും സാധാരണമാകുന്നു.
തൊട്ടിലിൽ കിടക്കുന്ന കൊച്ചനിയത്തിയെ, അമ്മയുടെ തടസ്സം വകവയ്ക്കാതെ കൊച്ചുസഹോദരൻ ചെന്നു താലോലിക്കുന്ന ഒരു രംഗം നോക്കുക:
അഞ്ചിതാംഗുലികൊണ്ടു പിടിക്കയാൽ-
പ്പിഞ്ചുകൈയതിൽപ്പൊൻവള ചാർത്തിച്ചും,
തൻതലോടലാലാ മുളച്ചുവരും
കുന്തളങ്ങളിൽക്കൈതപ്പൂ ചൂടിച്ചും,
നെഞ്ചിടത്തിൽ പതക്കമണിയിച്ചും
നെറ്റിമേൽപ്പുതു ഗോരോചനം തേച്ചും,
കൈനഖകാന്തികൊണ്ടു തളിരിളം-
കാലിൽ വെള്ളിച്ചിലങ്കയിടുവിച്ചും,
പൈതലിൻ മെയ്യലംകൃതമാക്കി, തൽ–
സ്സോദരൻ്റെ വിരുതുതികഞ്ഞ കൈ.
ഉണ്ണിതൻ്റെയിക്കേളികൾ കാൺകയാൽ
കണ്ണിലാനന്ദബാഷ്പം പൊടിഞ്ഞാലും,
അമ്മ ശാസിച്ചാൾ: ”നിൻ ചളിക്കൈയുകൊ–
ണ്ടമ്മുവിൻ പൊന്നുമേനി തൊടായ്ക നീ”
വാക്കുകളാൽ കരിംപുതപ്പേന്തുന്നൂ
വാസ്തവമനോഭാവം പലപ്പൊഴും.
ശിശുപ്രകൃതിയും മാതൃചിത്തവും എത്ര മനോജ്ഞമായി മധുരഭാവനകളോടെ ഇവിടെ ചിത്രണം ചെയ്തിരിക്കുന്നു !
