പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

ദാമ്പത്യം, മാതൃത്വം എന്നിവയിൽ കവയിത്രി കാണുന്ന ദിവ്യവും ഭവ്യവുമായ നില, ഇന്നത്തെ പരിഷ്കാരികളിൽ ചിലർക്കു മന്ദഹാസജനകമായിരുന്നേക്കാം. എന്നാൽ കാലമാണല്ലോ എല്ലാവരേയും കണ്ണുതുറപ്പിക്കുന്നത്.

ദാമ്പത്യജീവിതത്തിലെ എല്ലാ വശങ്ങളും, അഥവാ എല്ലാ ദാമ്പത്യജീവിതവും സുഖസുരഭിലമാണെന്നും കവയിത്രി കരുതുന്നില്ല. അതിൻ്റെ നാരകീയവശങ്ങളും അവരുടെ ദൃഷ്ടിയിൽപ്പെടുന്നുണ്ട്.

ദാരിദ്ര്യം മങ്ങിച്ചുമജ്ഞാനം മൂടിയും
പാരമുൾക്കണ്ണിരുൾകൊൾകയാലേ
ഭാസ്വരഗാർഹസ്ഥ്യസൗന്ദര്യമേതുമൊ–
ന്നാസ്വദിക്കാത്തവരായിരംപേർ. (നിഴലുകൾ)

അത്തരം ദമ്പതിമാരുടെ ദയനീയസ്ഥിതിയിൽ കവയിത്രി സഹതാപം പ്രദർശിപ്പിക്കയും ചെയ്യുന്നു.

ബാലാമണിയമ്മയുടെ കൃതികളിൽ ചിലതു മിസ്റ്റിസിസം എന്നു പറഞ്ഞു വരുന്ന യോഗാത്മക കവിതകളത്രേ. ശങ്കരക്കുറുപ്പിനെപ്പോലെ തത്ത്വചിന്തകളിൽ ഇറങ്ങി ആദ്ധ്യാത്മിക രഹസ്യങ്ങൾ തുറന്നുകാണിക്കുവാനുള്ള ഒരു പ്രവണത ബാലാമണിയമ്മയിലും കാണാം. ഇന്നത്തെ സാമൂഹ്യജീവിതത്തിൽനിന്നകന്നു ചിന്തകളുടെ ലോകത്തിൽ ജീവിക്കുവാനാണു കവയിത്രിക്കു കൂടുതൽ ഇഷ്ടമെന്നു തോന്നുന്നു.