കേരളീയ കവയിത്രികൾ
‘പ്രഭാങ്കുരം’, ‘ലോകാന്തരങ്ങളിൽ’ എന്നിവ ഈ കാവ്യകർത്രി എഴുതിയിട്ടുള്ള രണ്ടു കൃതികളാണു്. കവയിത്രിയുടെ ചിന്താഗതി മിക്കവാറും ആദ്ധ്യാത്മികമായിത്തീർന്നതിൻ്റെ പ്രതിഫലനമാണ് ഇവയിൽ അധികവും നിഴലിക്കുന്നതു്. ഈ രണ്ടു കൃതികൾ മാത്രം വായിക്കുന്നവർക്കു് ബാലാമണിയമ്മയുടെ ശൈലി ദുർഗ്രഹവും പ്രസാദശൂന്യവുമാണെന്നു തോന്നുവാനിടയുണ്ട്. ലോകാന്തരങ്ങളിൽ എന്ന കൃതി, പുതിയ രീതിയിൽ നിർമ്മിച്ചിട്ടുള്ള ഒരു വിലാപകാവ്യമാണെന്നു തോന്നുന്നു. കവയിത്രി തൻ്റെ അമ്മാവൻ്റെ നിര്യാണത്തെ അനുസ്മരിച്ചുകൊണ്ടു അദ്ദേഹത്തിൻ്റെ വാർഷിക ശ്രാദ്ധ ദിവസം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണത്. കാവ്യത്തെ പത്തു ചെറുഖണ്ഡങ്ങളായി വിഭജിച്ച് മരണാനന്തരമുള്ള മനുഷ്യാത്മാവിൻ്റെ അവസ്ഥാവിശേഷങ്ങളെ ചിത്രീകരിക്കയാണതിൽ. ”മറ്റു പലവിധത്തിലും ലോകസംഗ്രഹവ്യഗ്രരെന്നു തെളിഞ്ഞിട്ടുള്ള മഹാത്മാക്കൾ സ്വാനുഭൂതിപ്രാമാണ്യത്തോടെ പറഞ്ഞുവച്ച ലോകാന്തര കഥകളെ (ആർഷജ്ഞാനത്തെ) പരേതാത്മാവുമായി കൂട്ടിയിണക്കുവാൻ ശ്രമിക്കുകയാണു് കവയിത്രി ഇതിൽ ചെയ്തിട്ടുള്ളതെന്നു മറെറാരുവിധത്തിൽ പറയാം. പരലോകങ്ങളിൽ വിശ്വാസമില്ലാത്തവർക്കു് ഈ കാവ്യം ഒരു കെട്ടുകഥയായും, അല്ലാത്തവർക്കു് ആർഷജ്ഞാനത്തെ ഉറപ്പിച്ചുനിർത്തുവാൻ പോരുന്ന ഒരു തെളിവായും ഈ കാവ്യം പ്രയോജനപ്പെടുന്നതാണു്.”
മഴുവിൻ്റെ കഥ: ബാലാമണിയമ്മ 1966-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മൂന്നു ഖണ്ഡകാവ്യങ്ങളുടെ സമാഹാരമാണിത്. പരശുരാമൻ, വിഭീഷണൻ, വിശ്വാമിത്രൻ എന്നിവരെപ്പറ്റി ഇതിൽ പ്രതിപാദിക്കുന്നു. മനുഷ്യനിൽ കുടികൊള്ളുന്ന ഹിംസാവാസനയെ ഇല്ലാതാക്കി സാത്വികപ്രേമത്തിൻ്റെ നീരുറവകളാക്കി ഹൃദയങ്ങളെ പരിവർത്തനം ചെയ്താൽ മാത്രമെ സനാതനമായ പുരോഗതിയും മനശ്ശാന്തിയും വന്നുചേരൂ എന്നു കവയിത്രി ഇതിലെ കഥാപാത്രങ്ങളുടെ ജീവിതത്തിൽക്കൂടി വ്യക്തമാക്കാൻ ശ്രമിച്ചിരിക്കയാണു്.
