കേരളീയ കവയിത്രികൾ
മൂകശാന്തമായ മഹേന്ദ്രപർവ്വതത്തിൻ്റെ ശിഖരത്തിൽ ഏകനായി ദൂരത്തേക്കു നോക്കിക്കൊണ്ടിരിക്കുന്ന പരശുരാമനെ അവതരിപ്പിച്ചുകൊണ്ടാണു് മഴുവിൻ്റെ കഥ ആരംഭിക്കുന്നത്. നർമ്മദാനദിയിൽ ജലമെടുക്കുവാൻ പോയ രേണുക, അവിടെ സാൽവരാജാവായ ചിത്രരഥൻ സ്വപത്നിയോടൊത്തു ജലക്രീഡ ചെയ്യുന്നതുകണ്ട് അതിൽ ലീനചിത്തയായി അല്പനേരം നിന്നുപോയി. ഈ വസ്തുത ഉൾഗ്രഹിച്ച് ജമദഗ്നി, ‘മനസ്സാൽ ചെയ്യപ്പെട്ട പാപമേ ഗുരുതരം’ എന്നു വിധികല്പിച്ചു കുലത്തിൻ്റെ വിശുദ്ധിക്കായി ‘കൊല്ലുകിപ്പതിതയെ’ എന്നു പുത്രന്മാരോടാജ്ഞാപിച്ചു. ജ്യേഷ്ഠപുത്രന്മാർ പിന്മാറിയെങ്കിലും ഇളയപുത്രനായ പരശുരാമൻ അച്ഛൻ്റെ ആജ്ഞയെ ആദരിക്കയും തൻ്റെ പരശ്വധംകൊണ്ടു മാതാവിനെ ഹനിക്കയും ചെയ്തു.
മാതൃഹത്യാ പാപശാന്തിക്കായി ജാമദഗ്ന്യൻ തീർത്ഥങ്ങൾതോറും സഞ്ചരിച്ചു തുടങ്ങി. ഈ സഞ്ചാരത്തിനിടയിൽ സമരപ്രിയരും ഭോഗലാലസരുമായിരുന്ന നാടുവാഴികളെയെല്ലാം നാമാവശേഷമാക്കി. ഇതിനിടയിലാണു് ഹേഹയരാജാവായ കാർത്തവീര്യാർജ്ജുനൻ്റെ സേനകൾ തൻ്റെ അച്ഛൻ വളർത്തിവന്ന കാമധേനുവിനെ അപഹരിച്ചതായ കഥയറിയുന്നത്. ഭൃഗുരാമൻ ഒട്ടുംതന്നെ വൈകിയില്ല.
തിന്മയെ തകർക്കുവാനല്ലെങ്കിൽ കരാളമീ-
വെൺമഴുവെനിക്കേകിയതെന്തിനു സദാശിവൻ?
എന്നീ ന്യായം സ്വയം പേറിക്കൊണ്ട്-
