കേരളീയ കവയിത്രികൾ
”പൂതമാം തപസ്സിൻ്റെ ദീപ്തിയേറ്റിടാതുണ്ടോ
പൂത്തുകായ്ക്കുന്നു മഹത്തായ വാഞ്ചതമേതും?
വെൺചിതല്പറ്റം പോലെ കാർന്നൊടുക്കുന്നൂ പാപം
നെഞ്ചിനെ,ക്കുടുംബത്തെ,ഗ്ഗോത്രത്തെ,രാഷ്ട്രത്തേയും (വിഭീഷണൻ)
കാട്ടിൽ വാണാലും മഞ്ഞുമലമേലിരുന്നാലും
കായ്ക്കുന്നൂ മനുഷ്യനിൽ പൂർവ്വവാസനാവൃക്ഷം.
നിസ്സാരമാത്മജ്ഞാനം, ലൗകികവിജ്ഞാനവും,
നിസ്സ്വാർത്ഥഭാവത്തിലേ നിർവൃതിനരന്നുള്ളു. (വിശ്വാമിത്രൻ)
ഇത്തരം ചിന്താബന്ധുരങ്ങളായ പല വിശിഷ്ടാശയങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ബാലാമണിഅമ്മയുടെ മറ്റു കൃതികളിലേക്കൊന്നും ഇപ്പോൾ കടന്നുചെല്ലുന്നില്ല.
ഭാവനയിൽ, ഊഞ്ഞാലിന്മേൽ, കളിക്കൊട്ട, പ്രണാമം, മുത്തശ്ശി, അമ്പലത്തിൽ, വെളിച്ചത്തിൽ, അവർ പാടുന്നു, വെയിലാറുമ്പോൾ തുടങ്ങിയവയാണു് ബാലാമണിയമ്മയുടെ മറ്റു കൃതികൾ.
