പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

ധർമ്മമാർഗ്ഗത്തിൽ നിന്നു ചിലർ വ്യതിചലിക്കാനിടവരാത്ത സ്ത്രീപുരുഷ സമത്വത്തെ, പുരുഷനെ അനുഗമിച്ചുള്ള, ഉല്ലംഘിച്ചുള്ളതല്ല – വനിതാസ്വാതന്ത്ര്യത്തെ, ഈ ശ്രീമതി ശക്തിയുക്തം സ്വകവിതകളിൽ പലപ്പോഴും പ്രകീർത്തിക്കാറുണ്ടു്. ലോകത്തിൻ്റെ യഥാർത്ഥമായ പുരോഗതിക്ക് ആവശ്യവും സ്ത്രീപുരുഷസമത്വം തന്നെയാണല്ലോ. ജീവിതപ്പോരിൽ പുരുഷന്മാർ തങ്ങളുടെ അർദ്ധശക്തിയായ സ്ത്രീവർഗ്ഗത്തെ അകറ്റിനിറുത്തി, അവരെ അജ്ഞകളും അടിമകളുമാക്കിത്തീർത്ത് സ്വയം പൊരുതുവാൻ തുടങ്ങിയതോടുകൂടിയാണു് ഭാരതത്തിനു പണ്ടുണ്ടായിരുന്ന വീര്യമെല്ലാം ഇടക്കാലത്തു നഷ്ടീഭവിച്ചത്. സത്യഭാമ മുതലായവർ പണ്ടു രണാങ്കണത്തിൽ അടരാടുകകൂടി ചെയ്തിട്ടുണ്ടല്ലോ. ‘വല്ലാതല്ലൽ പിണഞ്ഞാൽ ഭവതികൾ പരദൈവങ്ങൾ പൊയ്യല്ല പുംസാം’ എന്നുള്ളത് അനുഭവവേദ്യവുമാകുന്നു. അതിനാൽ ആ പഴയ മഹത്ത്വത്തെ വീണ്ടെടുക്കണമെങ്കിൽ സ്ത്രീകളെ – ജനസേവനോൽക്കണ്ഠിതരായ –സ്ത്രീകളെ അടുക്കളപ്പണിക്കു മാത്രമാക്കാതെ മന്ത്രശാലകളിലും തന്ത്രശാലകളിലും, എന്നല്ല, പുരുഷനു സഹായകമായിത്തീരാവുന്ന എല്ലാ രംഗങ്ങളിലും, പ്രവേശിപ്പിച്ചേ മതിയാവൂ. ഈ ആശയത്തെ – ആദർശത്തെ – കവയിത്രി ‘സഹചാരിണി’ എന്ന കവിതയിൽ സധീരം പ്രഖ്യാപനം ചെയ്യുന്നു.

തരൂ! തരൂ! നീയനുമതിയിനിമേലെനിക്കു യോദ്ധാവേ,
വരൂ! വരൂ! നാം പിരിയരുതതിനായ് കരങ്ങൾ കോർത്തീടാം-
അരാതിയോടായടരിനിറങ്ങും ഭവാനു പിന്നാലേ
വരാനൊരുങ്ങുന്നിവളെയിതെന്തേ വൃഥാ വിലക്കുന്നൂ.
പരാജയംതാൻ, പരമജയംതാൻ, വരുന്നതിന്നെല്ലാം
ശരാശരിക്കീ വനിതയുമൊരു പങ്കെടുത്തിടേണ്ടല്ലീ?