പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

മനുഷ്യജന്മം മഹിതമിതതിലീ മദാന്ധദുർമ്മോഹം
പടുത്തുകെട്ടും പാഴ്മതിലെല്ലാം തകർത്തുതള്ളീടാൻ
തനിച്ചു നീതാൻ തുനിയുകിൽ മതിയോ? തളർന്നുപോകില്ലേ?
ഇനിക്കുറേനാളിവളുമതിന്നായ് ശ്രമിച്ചുനോക്കട്ടേ.
ക്ഷമിക്ക! നിന്നെപ്പുറകിൽ വലിച്ചിട്ടകന്നുമാറീടാൻ
ശ്രമിക്കയല്ലെന്തതിനു സദാ നാമഭേദ്യരല്ലല്ലി
നമുക്കു ലക്ഷ്യം സുദൃഢമതേകും നമുക്കു പന്ഥാവും
നിനയ്ക്കിലൊന്നേ പിന്നെയിതെന്തിന്നനർത്ഥവൈജാത്യം!…
പരസ്പരം നാം പരിഭവമാർന്നാൽ പ്രപഞ്ചചക്രത്തിൻ
കറക്കമുണ്ടോ? കളയുക വൈരം, കരങ്ങൾ കോർത്തീടാം.
തരൂ! തരൂ! നീയവസരമതിനായെനിക്കു യോദ്ധാവേ!
വരൂ! നമുക്കൊത്തൊരുമയൊടിനിമേൽ പുരോഗമിച്ചീടാം.

ആശയവും പ്രതിപാദനവും എത്ര ഊർജ്ജസ്വലം! എത്ര ചൈതന്യസമുജ്ജ്വലം! ലാളിത്യം, ഭാവശുദ്ധി, ഭാവനാസൗന്ദര്യം തുടങ്ങിയവ ഇവരുടെ കവിതയ്ക്കുള്ള ഇതരഗുണങ്ങളത്രെ. ഒരു പെറ്റമാതാവു് ഒരു പുത്രിയുടെ ഭാവിയെ എങ്ങനെ അഭിലഷിക്കണമോ അതിൻ്റെ ഹൃദയംഗമമായ ഒരു ചിത്രമാണ് ‘പെൺപൈതലിനോടു’ എന്ന താരാട്ടിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. അന്തരിച്ചുപോയ ഓമനപ്പുത്രൻ്റെ ഒരു ശ്രാ​ദ്ധദിനത്തിൽ കവയിത്രിയിൽ വന്നുയർന്ന സ്മരണകളാണു് നിശ്ശബ്ദസംഗീതത്തിലെ ‘അന്തർബാഷ്പ’ത്തിൽ.