പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

ഉള്ളൂർ അന്നു പാർവ്വതിഅമ്മയെ ആശാൻ്റെ വിനീതശിഷ്യയായി കണ്ടിരുന്നുവെങ്കിൽ, അവർ ഇന്നും ആശാൻ്റെ പ്രൗഢശിഷ്യയായി വളർന്നുകഴിഞ്ഞിരിക്കയാണു്. ആശാൻ അന്നു തുടങ്ങിവച്ച, ശ്രീബുദ്ധചരിതം മഹാകാവ്യത്തിൽ ഉത്തരാർദ്ധം കിളിപ്പാട്ടായി എഴുതി പാർവ്വതിഅമ്മ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ‘അശ്രുകുടീരം’ ഭക്തയായ മീരാബായിയുടെ ദിവ്യസമാധിയെ അഞ്ചു ഭാഗങ്ങളായി വിഭജിച്ചു വർണ്ണിക്കുന്ന ഒരു ഖണ്ഡകാവ്യമാണു്. ഗാനാഞ്ജലി, ശ്രീചിത്തിരമഹാരാജവിജയം, ഒരു വിലാപം മുതലായവയാണു് കവയിത്രിയുടെ മറ്റു കൃതികൾ.

ഭഗവദ്ഗീതാവിവർത്തനം പ്രത്യേകം എടുത്തുപറയത്തക്ക ഒന്നായി തോന്നുന്നു. ഗീതയ്ക്കു മലയാളത്തിൽ ഗദ്യമായും പദ്യമായും പല വിവർത്തനങ്ങളുമുണ്ടായിട്ടുണ്ട്. വശ്യവചസ്സായ കുഞ്ഞിക്കുട്ടൻതമ്പുരാൻ അതു വൃത്താനുവൃത്തമായി തർജ്ജിമ ചെയ്തിട്ടുള്ളതു പ്രസിദ്ധമാണല്ലോ. ആശയം തെല്ലും ചോർന്നുപോകാതെ മിക്കവാറും പദാനുപദമായി കിളിപ്പാട്ടുരീതിയിൽ ചെയ്തിട്ടുള്ള പാർവ്വതിഅമ്മയുടെ വിവർത്തനവും അഭിനന്ദിക്കാതെ നിവൃത്തിയില്ല. പാർത്ഥസാരഥിയുടെ ആശയത്തെ ഏറ്റവും സ്പഷ്ടവും പ്രസന്നവുമായി പ്രകാശിപ്പിക്കാൻ കവയിത്രി ശ്രമിച്ചിട്ടുണ്ട്. ആ ശ്രമം വിജയിച്ചിട്ടുമുണ്ട്.