പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

മേരി ജോൺ കൂത്താട്ടുകുളം: വളരെ ചെറുപ്പത്തിലേ – 12-ാ മത്തെ വയസ്സു മുതൽ – കവിതയെഴുതിത്തുടങ്ങിയ ഒരു വാസനാസമ്പന്നയാണു് മേരി ജോൺ. ഈയിടെ അകാലചരമം പ്രാപിച്ചു, പ്രസിദ്ധനടനും നാടകകൃത്തുമായിരുന്ന സി. ജെ. തോമസ് ഈ കവയിത്രിയുടെ ഇളയ സഹോദരനാണു്. കൂത്താട്ടുകുളത്തു ചൊത്തുമ്പയിൽ റവ: സി. ജെ. ജോൺ കോർ എപ്പിസ്ക്കോപ്പാ, അന്നമ്മ എന്നീ ദമ്പതിമാരുടെ പുത്രിയായി മേരി 1905 ജനുവരി 22-ാംതീയതി ഭൂജാതയായി. വളരെ ചെറുപ്പത്തിലേ കവിതയെഴുതിത്തുടങ്ങിയെന്നു പറഞ്ഞുവല്ലോ. 1105 ധനുമാസത്തിൽ തിരുവനന്തപുരത്തുവച്ചു കൊണ്ടാടിയ സാഹിത്യപരിഷത്തിൻ്റെ നാലാംസമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ദ്രുതകവിതാനിർമ്മാണ മത്സരത്തിൽ ഒന്നാം സമ്മാനമായ സ്വർണ്ണമെഡൽ നേടിയതു് ഈ കവയിത്രിയാ യിരുന്നു. ‘പ്രഭാതപുഷ്പ’മെന്ന കാവ്യസമാഹാരമാണു് പുസ്തകരൂപത്തിൽ ആദ്യം പ്രസിദ്ധപ്പെടുത്തിയ കൃതി. 1106-ൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത കൃതിയെത്തുടർന്നു് അനേകം കൃതികൾ രംഗപ്രവേശം ചെയ്യുകയുണ്ടായി. ബൈബിളിലെ ഒരു കഥയെ ഇതിവൃത്തമായി സ്വീകരിച്ചെഴുതിയിട്ടുള്ളതാണു് അമ്മയും മകളും’. ഒരു ബുദ്ധമതകഥയാണു് ‘ചിത്ര’. 18 മധുരഭാവഗീതങ്ങളുടെ ഒരു സമാഹാരമാണു് ‘തിരഞ്ഞെടുത്ത കവിതകൾ’. കബീറിൻ്റെ നൂറു ഗാനങ്ങളുടെ വിവർത്തനമാണു് ‘കബീർഗാനങ്ങൾ’. ഏറ്റവും ഒടുവിലായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതിയാണു് ‘ബാഷ്പമണികൾ’. ഉദയഗീതം മുതൽ സാഗരസംഗീതം വരെയുള്ള 12 കവിതകൾ അതിലടങ്ങിയിരിക്കുന്നു. വിഷയവൈവിദ്ധ്യം, ആവിഷ്കരണ വൈദഗ്ദ്ധ്യം എന്നിവയാൽ പ്രസ്തുത കൃതി മനോഹരമായിട്ടുണ്ട്. നവീനതയും, സ്വതന്ത്രതയും, പ്രതിപാദനത്തിൽ വേണ്ടത്ര പ്രകാശിക്കുന്നുമുണ്ട്.

അരുണകരം തളിരിലയിൽ–ഹരിതനിറം പകരുകയായ്
അതിലമരും കല കാണാൻ–ഉണരുണരൂ മലരുകളേ!

എന്നിങ്ങനെയുള്ള വർണ്ണനകൾ ആഹ്ലാദകരങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.