കേരളീയ കവയിത്രികൾ
പി. സുഗതകുമാരി: കവികളെപ്പോലെ കവയിത്രിമാർ കാവ്യരംഗത്ത് ഇന്നും അധികം പ്രത്യക്ഷപ്പെട്ടുകാണുന്നില്ല. ജീവിതത്തിലെ പലതരം പാരതന്ത്ര്യങ്ങളായിരിക്കാം അതിനു കാരണമെന്നു തോന്നുന്നു. എങ്കിലും ചുരുക്കം ചില യുവതികൾ ആ രംഗത്തു് ഇന്നും ശോഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരിൽ ഏതുകൊണ്ടും മുന്നണിയിൽ വർത്തിക്കുന്ന ഒരു കവയിത്രിയാണു് സുഗതകുമാരി. കാവ്യനിർമ്മാണത്തിൽ കുറെയേറെ നൂതനഭാവനയും സ്വതന്ത്രതയും ഈ കവയിത്രിയുടെ കൃതികളിൽ കാണാം. തന്നെയുമല്ല ഭാവന, വാസന, നിരീക്ഷണപാടവം, ചിന്താശീലം, ആവിഷ്കരണകുശലത തുടങ്ങിയ സവിശേഷതകളാൽ അനുഗൃഹീതയായ ഈ കവയിത്രി ഇന്നത്തെ യുവകവികളെ ഒട്ടാകെ തൻ്റെ പിന്നിലാക്കിക്കഴിഞ്ഞിരിക്കയാണെന്നു പറയാം. ‘മുത്തുച്ചിപ്പി’യാണ് ഈ കവയിത്രിയുടെ ആദ്യത്തെ സമാഹാരം. ആ സമാഹാരത്തിലെ മുത്തുച്ചിപ്പി തൻ്റെ ചിത്രവും ചരിത്രവും വരയ്ക്കുന്നതു നോക്കുക:
അരികിൽ ചോരഞരമ്പുകൾ പിണയും
ചെറിയ മിനുത്തൊരു തോടും, മഞ്ഞിൻ
നിറവും, കരളിൽ കൊച്ചൊരു മാംസ–
ത്തരിയും മാത്ര മതാണെൻ രൂപം.
പതറിത്തെന്നി നടന്നേൻ കടലി–
ന്നടിയിൽ, പടരും പവിഴപ്പുറ്റുക–
ളിടയിൽ, പാറക്കെട്ടുകൾ ചെമ്പൊൻ
കതിരുകൾ നീട്ടുമഗാധതയിങ്കൽ!
കുളിരും തെളിവുമിയന്നും ഹരിത–
ഝരികകൾ ചേർന്നുമുലാവും നീരി–
ന്നൊളിവിൽ, ജീവശതങ്ങൾക്കൊപ്പം
ഞാനുമലഞ്ഞുനടന്നേനിരുളിൽ
