പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

‘സ്വപ്നഭൂമി’ ഈ കവയിത്രിയുടെ മറ്റൊരു സമാഹാരമാണ്. അവതാരികയിൽ ജി. പ്രസ്താവിച്ചിട്ടുള്ളതുപോലെ, ‘ഇതിലെ ഭാവഗീതികൾ ഓരോന്നും വിസ്തരിച്ചു പ്രതിപാദിക്കാൻമാത്രം ആദർശപ്രകാശവും ഭാവതരളതയും ഭാഷാപരിമളവും കലർന്നവതന്നെയാണു്’. ‘കണ്ണനെത്തേടി’ എന്ന കവിത ജി.യുടെ അന്വേഷണത്തെ അനുസ്മരിപ്പിക്കുവാൻ സർവ്വഥാ പര്യാപ്തമായിരിക്കുന്നു. നമ്മുടെ ഇന്നത്തെ അപകർഷാവസ്ഥയെ വിളംബരംചെയ്യുന്ന ഒന്നാണു് ‘മഹാബലിയുടെ മുമ്പിൽ’ എന്ന കവിത. ‘ഒരു പൂവിൻ്റെ ഓർമ്മ,’ ‘ഒരു ഗാനം’ തുടങ്ങിയവ പ്രണയഗീതികളും ‘പോരൂ’ എന്ന കവിത സുഗതകുമാരിയുടെ ഉദാത്തമായ സ്നേഹഗാനവുമത്രെ. ‘പഴയ ദില്ലിയിൽ ഒരു സന്ധ്യ’ ചിന്താസുന്ദരമായ ഒരു ഭാവഗാനമായി പരിലസിക്കുന്നു. ചുരുക്കത്തിൽ, ഈ സമാഹാരത്തിലെ ‘പ്രവാഹബിന്ദു’ എന്ന പ്രഥമ കവിത മുതൽ, ഒടുവിലത്തെ ‘അപൂർണ്ണചിത്രം’ വരെയുള്ള എല്ലാ കവിതകളും സഹൃദയഹൃദയങ്ങളെ ഓരോപ്രകാരത്തിൽ ആവർജ്ജിക്കുവാൻ പോരുന്നവയത്രെ. ‘വെളുത്ത പൂവുകൾ’ തുടങ്ങി പതിനേഴു കവിതകളുടെ ഒരു പുതിയ സമാഹാരമാണു് ഈ കവയിത്രിയുടെ ‘പാതിരാപ്പൂക്കൾ.’ ആധുനികകവിതയുടെ സവിശേഷകൾ ഉൾക്കൊള്ളുന്ന ചില കൃതികളും സുഗതകുമാരിയുടെ പേനത്തുമ്പിൽനിന്നും പുറത്തുവരാതിരുന്നിട്ടില്ല. ‘പാവം മാനവഹൃദയം’ എന്ന കവിത നോക്കുക. ഉദാരമായ ഓരോ അനുഭൂതികൾ നല്കുന്നവയാണ് ഇതിലെ ഓരോ കവിതയും. ഓണത്തിൻ്റെ പുരാവൃത്തത്തിനു് പുതിയൊരർത്ഥം അതിൽ കല്പിച്ചിരിക്കുന്നു.