പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

നളിനകുമാരി: സുഗതകുമാരിയെപ്പോലെ കാവ്യരംഗത്തു വളരെ പ്രസിദ്ധയല്ലെങ്കിലും ചില നല്ല കവിതകൾ ഈ കവയിത്രിയും എഴുതിയിട്ടുണ്ട്. മഴവില്ല്, വനമാല എന്നീ സമാഹാരങ്ങൾ ഇവിടെ ചൂണ്ടിക്കാണിക്കത്തക്കവയാണു്. ആവിഷ്കരണചാതുരിയിലാണു് നളിനകുമാരിയുടെ കവിതാവിജയം നിലകൊള്ളുന്നത്.

കവികളെപ്പോലെ കവയിത്രികൾ ഇക്കാലത്തും കാവ്യരംഗത്തു് അധികമൊന്നും പ്രത്യക്ഷപ്പെട്ടുകാണുന്നില്ല. തെക്കേക്കുന്നത്തു സഹോദരിമാരെപ്പറ്റി ഇതിനു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കതിരുകൾ, വെള്ളിപ്പൂക്കൾ ഇങ്ങനെയുള്ള ചില സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു കവയിത്രിയാണു് ഏ.പി. മറിയാമ്മ. ചില ആനുകാലികപ്രസിദ്ധീകരണങ്ങൾവഴി മറ്റു ചിലരും വെളിച്ചത്തേക്കു വന്നുകാണാറുണ്ട്. അവരിൽ പന്തളം രാധാമണി, സാറാ ജോസഫ്, സാഹിതീസദനം പൊന്നമ്മ, സിസ്റ്റർ ജെമ്മ, ഒ. വി. ഉഷ തുടങ്ങിയവരുടെ പേരുകൾ പ്രസ്താവയോഗ്യങ്ങളാണു്. ജെമ്മ പുലരിപ്പൂക്കൾ, വിരിയാത്ത പൂവ് എന്നീ സമാഹാരങ്ങളും ഉഷ ധ്യാനം തുടങ്ങിയ കൃതികളും, പൊന്നമ്മ ഹൃദയാഞ്ജലി, സങ്കല്പ മേഖല എന്നീ കൃതികളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിരണം കാർത്ത്യായനി അമ്മയുടെ പിറന്നാൾസദ്യ, ചെങ്കൊടി എന്നിവയും പ്രസ്താവയോഗ്യങ്ങളാണ്.