പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

തോട്ടയ്ക്കാട്ടു് ഇക്കാവമ്മ : കേരളീയ കവയിത്രികളിൽ ഏറ്റവും പേരും പെരുമയും ആർജ്ജിച്ച വനിതാരത്നമാണ് ഇക്കാവമ്മ. എറണാകുളത്തുള്ള സുപ്രസിദ്ധമായ പടിഞ്ഞാറെ തോട്ടയ്ക്കാട്ടുവീട്ടിൽ കുട്ടിപ്പാറുവമ്മയുടേയും, ഇരിങ്ങാലക്കുട ചാത്തുപ്പണിക്കരുടേയും ദ്വിതീയപുത്രിയായി 1039 മകരം 28-ാം തീയതി ഇക്കാവമ്മ ജനിച്ചു. പിതാവുതന്നെയായിരുന്നു ഇക്കാവമ്മയുടെ പ്രഥമഗുരു. അച്ഛൻ്റെ മരണാനന്തരം സംസ്കൃതത്തിലെ ഉപരിഗ്രന്ഥങ്ങളിൽ ചിലതെല്ലാം മറ്റു പണ്ഡിതന്മാരിൽനിന്നും അഭ്യസിക്കുകയുണ്ടായി. 14-ാമത്തെ വയസ്സിൽ വിവാഹിതയായിത്തീർന്നു. കാരക്കാട്ടു നാരായണമേനോൻ, ബി. എ. ആയിരുന്നു ഇക്കാവമ്മയുടെ പ്രിയതമൻ. പ്രസിദ്ധ സാഹിത്യകാരനായിരുന്ന സാഹിത്യകുശലൻ, ടി. കെ. കൃഷ്ണമേനോൻ ഈ കവയിത്രിയുടെ കനിഷ്ഠസഹോദരനാണെന്നുള്ള വസ്തുത ഈയവസരത്തിൽ പ്രസ്താവയോഗ്യമാകുന്നു. ഇക്കാവമ്മയുടെ പ്രസിദ്ധ കൃതിയായ സുഭദ്രാർജ്ജുനം നാടകത്തിനു് അവതാരിക എഴുതിയിട്ടുള്ളതു് ഈ സഹോദരൻ തന്നെയാണെന്നുള്ള വസ്തുതയും ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ. ഈ മഹതി 1091 മേടം 21-ാം തീയതി ദിവംഗതയായി.

കൃതികൾ: അക്കാലത്തെ പതിവനുസരിച്ച് കിളിപ്പാട്ട്, തുള്ളൽ, കൈകൊട്ടിക്കളിപ്പാട്ട് തുടങ്ങിയ പല കാവ്യശാഖകളിലും കവയിത്രി തൻ്റെ തൂലികയെ ചലിപ്പിക്കയും അവയിലെല്ലാം അസാമാന്യവിജയം കൈവരിക്കയും ചെയ്തു. എന്നാൽ ഇക്കാവമ്മയുടെ പേർ നിലനില്ക്കുന്നതു് അവയൊന്നു കൊണ്ടുമല്ല; 1066-ൽ പ്രസിദ്ധീകൃതമായ ‘സുഭദ്രാർജ്ജുനം’ എന്ന നാടകം വഴിക്കത്രെ.