ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

വ്യാഖ്യാനങ്ങൾ: ഉൽകൃഷ്ട ഗ്രന്ഥങ്ങളെ തേടിപ്പിടിച്ചു പ്രകാശനം ചെയ്യുന്നതുകൊണ്ടു ഭാഷയ്ക്ക് സിദ്ധിക്കാവുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല. താദൃശഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തുമ്പോൾ വായനക്കാരുടെ ജിജ്ഞാസാശമനത്തിനായി ഗ്രന്ഥകാരന്മാരുടെ ജീവിതകാലം, ചരിത്രം, നിർമ്മാണകാലം എന്നിവയെ അധികരിച്ചു ചെയ്യുന്ന പ്രസംഗങ്ങൾ ജീവചരിത്രശാഖയിൽ ഉൾപ്പെടുന്നവയാണെങ്കിലും അവ ഗ്രന്ഥത്തോട് പാറ്റിപ്പിടിച്ചു നില്ക്കുന്നവയാകയാൽ, അവയുടെ വ്യാഖ്യാനങ്ങളുടെ പീഠികയായിട്ടുമാത്രമേ ഗണിക്കുവാനുള്ളു. അത്തരത്തിലുള്ള അനവധി ജീവചരിത പ്രസ്താവങ്ങൾ നമ്മുടെ ഭാഷയ്ക്ക് ഒരു അമൂല്യസ്വത്തായി ലഭിച്ചിട്ടുണ്ട്. അതുപോലെതന്നെ ആവക ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും ഭാഷാഭിവൃദ്ധിക്കും കുടുംബസ്വത്തിൻ്റെ പുഷ്ടിക്കും കാരണ‌മായിത്തീർന്നിട്ടുമുണ്ട്. അത്തരത്തിലുള്ള ചില കൃതികളെപ്പറ്റിയാണു് ഇവിടെ പ്രസ്താവിക്കുവാൻപോകുന്നതു്. ഭാഷയിലെ അതിപ്രാചീനങ്ങളായ വ്യാഖ്യാനങ്ങളെസ്സംബന്ധിച്ചു രണ്ടാമദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.

കൈക്കുളങ്ങര വാര്യരുടെ വ്യാഖ്യാനങ്ങൾ : അർവ്വാചീന കാലത്തു് അനേകം സംസ്കൃത ഗ്രന്ഥങ്ങൾക്കു മലയാളത്തിൽ വ്യാഖ്യാനമെഴുതിയിട്ടുള്ള ഒരു പണ്ഡിത ചക്രവർത്തിയാണു് കൈക്കുളങ്ങര രാമവാര്യർ. മലയാള ഭാഷയ്ക്കു വളരെ വിലപ്പെട്ട നേട്ടങ്ങളാണു് വാര്യയരുടെ വ്യാഖ്യാനങ്ങൾ. അനേകം മലയാളികൾ തന്മൂലം വലിയ പണ്ഡിതന്മാരായിത്തീർന്നിട്ടുമുണ്ടു്. ഈ വിഷയത്തിൽ കുന്നങ്കുളം വിദ്യാരത്നപ്രഭാ അച്ചുക്കൂടക്കാരുടേയും. തൃശൂർ ഭാരതവിലാസം അച്ചുക്കൂടക്കാരുടേയും സേവനത്തേയും നാം പ്രശംസിക്കേണ്ടതുണ്ടു്. ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, രഘുവംശം, കുമാരസംഭവം, മാഘം, നൈഷധം, അമരുകം, അഷ്ടപദി എന്നീ കാവ്യഗ്രന്ഥങ്ങളുടേയും; അമരം, ഹോരാശാസ്ത്രം എന്നിവയുടേയും വ്യാഖ്യാനങ്ങളാണു് വാര്യരുടെ കൃതികളിൽ മുഖ്യമായവ.

അഷ്ടാംഗഹൃദയത്തിൽ, സൂത്രസ്ഥാനം, ചികിത്സിതസ്ഥാനം, എന്നീ ഭാഗങ്ങൾക്ക് എഴുതിയിട്ടുള്ള ‘സാരാർത്ഥദർപ്പണം’ എന്ന വ്യാഖ്യാനങ്ങളും എടുത്തുപറയത്തക്കവയാണു്. കല്പസ്ഥാനം, ഉത്തരസ്ഥാനം മുതലായവയ്ക്ക് ‘ഭാവപ്രകാശം’ എന്ന വ്യാഖ്യാനവുമാണു വാര്യർ എഴുതിയിട്ടുള്ളതു്. സാരാർത്ഥദർപ്പണത്തിൽ ശ്ലോകം, അന്വയം, അന്വയാർത്ഥം. പരിഭാഷ, സാരം എന്നീ ക്രമങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഭാവപ്രകാശത്തിൻ ശ്ലോകവും സാരാർത്ഥവും മാത്രം അടങ്ങിയിരിക്കുന്നു. വാര്യരുടെ അഷ്ടാംഗഹൃദയ വ്യാഖ്യാനത്തിനുള്ള ഒരു പ്രത്യേകത, യോഗങ്ങളിൽ ചേർക്കേണ്ടതായ ചില മരുന്നുകളെപ്പറ്റി വൈദ്യന്മാർക്കു പലപ്പോഴും സന്ദേഹം ജനിക്കാവുന്നിടത്തു് ഇന്നതിന്നു പകരം ഇന്നതു് എന്നു നിഷ്കൃഷ്ടമായി നിർദ്ദേശിക്കുവാൻ സാധിച്ചിട്ടണ്ടെന്നുള്ളതാണു്.