ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

നാരായണീയം — ഭക്തരഞ്ജിനീവ്യാഖ്യാനം: പണ്ഡിതമണ്ഡലാഗ്രഗണ്യനും മഹാകവിമൂർദ്ധന്യനുമായിരുന്ന മേല്പത്തൂർ നാരായണഭട്ടതിരിപ്പാടിലെ കൃതികളിൽ അഗ്രപുജയെ അർഹിക്കുന്ന ഉത്തമഗ്രന്ഥമാണു് നാരായണീയം. ഇടക്കാലത്തു പക്ഷവാതപീഡിതനായിത്തീർന്ന ഭട്ടതിരി 1001 പദ്യങ്ങൾകൊണ്ടു ഗുരുവായൂരപ്പനെ പ്രകീർത്തിച്ചു് ആയുരാരോഗ്യ സൗഖ്യം നേടിയ കഥ പ്രസിദ്ധമാണല്ലൊ. നൂറു ദശകങ്ങൾ ഉൾക്കൊള്ളുന്ന ആ സ്തോത്രമഹാകാവ്യത്തെ വാഞ്ചേരശ്വരശാസ്ത്രികളും വിശ്വനാഥശാസ്ത്രികളും കൂടി മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളതാണു് മേൽസൂചിപ്പിച്ചിട്ടുള്ള കൃതി. ഭക്തരഞ്ജിനി എന്നാണു് വ്യാഖ്യാനത്തിൻ്റെ നാമധേയം. ആദ്യത്തെ 50 ദശകം വാഞ്ചേരശ്വരശാസ്ത്രിയും, ഒടുവിലത്തെ 50 ദശകം വിശ്വനാഥശാസ്ത്രിയുമാണു് വ്യാഖ്യാനിച്ചിട്ടുള്ളത്. തിരുവനന്തപുരം ‘അനന്തരാമവർമ്മ’ പ്രസ്സിൽനിന്നു് അതു വെവ്വേറെ ഗ്രന്ഥങ്ങളായിത്തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ടു്. അന്വയക്രമത്തിൽ അർത്ഥം, സന്ദർഭോപയോഗികളായ പ്രമാണങ്ങളോടുകൂടിയ വിവരണം, നിരൂപണം എന്നീ മട്ടിലാണു് വ്യാഖ്യാനത്തിൻ്റെ പോക്ക്. കാവ്യത്തിൻ്റെ സ്വാരസ്യം വ്യക്തമാക്കുന്ന വിഷയത്തിൽ വ്യാഖ്യാതാക്കളുടെ യത്നം മിക്കവാറും ഫലിച്ചിട്ടുണ്ടെന്നുതന്നെ പറയാം.

ലക്ഷ്മീവിലാസം: നാരയണീയത്തിൻ്റെ മേല്പറഞ്ഞ രഞ്ജിനി വ്യാഖ്യാനം 1104-ലാണു് പുറപ്പെട്ടത്. അതിനുശേഷം 1106-ൽ ‘ലക്ഷ്മി വിലാസം’ എന്നൊരു വ്യഖ്യാനവും നാരായണീയത്തിനു ലബ്ധമായി. തിരുവനന്തപുരം ശ്രീവഞ്ചി സതുലക്ഷ്മിഗ്രന്ഥാവലിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത കൃതിയുടെ വ്യാഖ്യാതാവ് ക്യൂറേട്ടർ കെ. സാംബശിവശാസ്ത്രികളാണ്. ഭക്തരഞ്ജിനിയുടെ രീതിതന്നെയാണു് ലക്ഷ്മിവിലാസത്തിലും മിക്കവാറും സ്വീകരിച്ചുകാണുന്നതു് അന്വയതിരിയിൽ ആദ്യം ‘അർത്ഥ’വും, പിന്നീടു വിസ്തരിച്ചുള്ള ‘സാര’വും, അനന്തരം ‘നിരൂപണ’വും ഇതിലും എഴുതിക്കാണുന്നു. കാവ്യത്തിൻ്റെ സാരള്യവും ആഴവും പ്രകാശിപ്പിക്കുന്ന വിഷയത്തിൽ രഞ്ജിനിയേക്കാൾ ലക്ഷ്മിവിലാസത്തിനാണു് പ്രവണതയേറുന്നതെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. കാവ്യത്തെ 7 ഭാഗങ്ങളായി തിരിച്ച് 7 വ്യാഖ്യാനഗ്രന്ഥങ്ങളായിട്ടാണു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു് രഞ്ജിനിയുടെ ഇരട്ടി വലിപ്പവും ഈ പ്രസിദ്ധീകരണത്തിനുണ്ട്. അതായത്, റോയൽ സൈസിൽ 3000-ൽപരം പേജുകൾ ഈ വ്യാഖ്യാനത്തിൻ്റെ 7 ഭാഗങ്ങളിലുമായി അടങ്ങിയിരിക്കുന്നു. വ്യാഖ്യാതാവിൻ്റെ യത്നമഹത്ത്വം ഇതുകൊണ്ടു തന്നെ ഏകദേശം ഊഹിക്കാവുന്നതാണല്ലോ.