ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

ശ്രീമന്നാരായണീയസ്തോത്രം: ഭട്ടതിരിയുടെ നാരായണിയത്തിനു് മംഗളോദയത്തിൽ നിന്നു് അടുത്തകാലത്തു പുറപ്പെടുവിച്ചിട്ടുള്ള ഒരു വ്യാഖ്യാനമാണിതു്. പി. എസ്. അനന്തനാരായണശാസ്ത്രി, വടക്കുംകൂർ രാജരാജവർമ്മ എന്നീ പണ്ഡിതകേസരികളാണു് വ്യാഖ്യാതാക്കൾ. ആദ്യത്തെ 60 ദശകംവരെ ശാസ്ത്രീയും, ബാക്കിയുള്ളതു വടക്കുംകൂറും വ്യാഖ്യാനിച്ചിരിക്കുന്നു. പദ-പദാർത്ഥങ്ങൾ, അർത്ഥ വിവരണം എന്നീ മട്ടിലാണു് വ്യാഖ്യാനത്തിൻ്റെ പോക്ക്.

ശ്രീമദദ്ധ്യാത്മരാമായണം: പണ്ഡിതർ പി. ഗോപാലൻനായരാണ് ഇതു വ്യാഖ്യാനിച്ചിട്ടുള്ളതു്. സംസ്കൃത പദങ്ങളുടെ വിശദമായ അർത്ഥം നല്കിയിട്ടുള്ളതുകൊണ്ടു് വേദാന്തഭക്തന്മാരായ കേരളീയർക്ക് എഴുത്തച്ഛൻ്റെ കിളിപ്പാട്ടിനേക്കാൾ ഈ കൃതി കൂടുതൽ പ്രയോജനപ്രദമാണു്. വ്യാഖ്യാനരീതി ഇങ്ങനെയാണു :

“നമസ്തേ പുരുഷാധ്യക്ഷ! നമസ്തേ ഭക്തവത്സല!
നമസ്തേസ്തു ഹൃഷീകേശ! നാരായണ! നമോസ്തു തേ
ബാലകാണ്ഡം, സ. 5, ശ്ലോകം 59

ഹേ പുരുഷാധ്യക്ഷ! ഹേ ഭക്തവത്സല! ഹേ ഹൃഷീകേശ! ഹേ നാരായണ! നിന്തിരുവടിയെ ഞാൻ നമസ്‌കരിക്കുന്നു.”

ഇങ്ങനെ സാമാന്യമായ അർത്ഥം പറഞ്ഞശേഷം, “ജീവജാലങ്ങൾ ചെയ്യുന്ന സകല കർമ്മങ്ങളുടെ സാക്ഷിയായിരിക്കുന്നതുകൊണ്ടും, തദനുസരണമായ ഫലത്തെ നല്കുന്നതിനു സമർത്ഥനായതു കൊണ്ടും, ‘പുരുഷാദ്ധ്യക്ഷ’നാമത്തെ ഉച്ചരിച്ചു നമസ്ക്‌കരിച്ചു” എന്നിങ്ങനെ ഓരോ വിശേഷണത്തിൻ്റേയും വ്യുൽപത്തികൂടി വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. ഗോപാലൻ നായരുടെ വേദാന്തജ്ഞാനം ഈ വ്യാഖ്യാനത്തിൽക്കൂടി നല്ലപോലെ തെളിഞ്ഞുകാണാം. അതിവിപുലമായ ശ്രീമഹാഭാഗവതത്തിനും ശ്രീ ഗോപാലൻനായർ ഒരു വ്യാഖ്യാനമെഴുതിയിട്ടുണ്ടു്.