ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

ശ്രീമഹാഭാരതം: വ്യാസപ്രണീതമായ ശ്രീമഹാഭാരതം എഴുത്തച്ഛൻ സംഗ്രഹിച്ചു കിളിപ്പാട്ടായും, കുഞ്ഞിക്കുട്ടൻ തമ്പുരാൻ വൃത്താനുവൃത്തമായും വിവർത്തനം ചെയ്തിട്ടുള്ളതു പ്രസിദ്ധമാണല്ലോ. മേല്പറഞ്ഞ

കൃതിയെ ലളിതമായ ഭാഷാവ്യാഖ്യാനത്തോടുകൂടി കണ്ണമ്പുഴ എസ്സ്. കൃഷ്ണവാര്യർ പ്രസിദ്ധപ്പെടത്തിയിട്ടുള്ളതാണു മുകളിൽ സൂചിപ്പിച്ച കൃതി. മൂലശ്ലോകം, അന്വയക്രമത്തിൽ പദങ്ങളുടെ അർത്ഥം, ഭാവം ഇങ്ങനെയാണ് വ്യാഖ്യാനത്തിൻ്റെ പോക്ക്. 1,20,000-ൽ പരം ശ്ലോകങ്ങ ഉൾക്കൊള്ളുന്ന ഒരു ഇതിഹാസഗ്രന്ഥമാണല്ലോ മഹാഭാരതം. അതിലെ ആദിപർവ്വം മാത്രമേ ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളു. അതു്. 1 മുതൽ 98 വരെ അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാം വാള്യം, 99 മുതൽ 234 വരെ അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാംവാള്യം ഇങ്ങനെ രണ്ടു വാള്യങ്ങളായിട്ടാണു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. 2 ഭാഗത്തിലും കൂടി റോയൽ സൈസിൽ 1868 പേജുകൾ വന്നുകഴിഞ്ഞിട്ടുണ്ട്. മറ്റു പർവ്വങ്ങളും ഇതുപോലെ വ്യാഖ്യാനിച്ചു വരുമ്പോൾ മഹാഭാരതം മഹാഭാരതമായിത്തന്നെ കാണപ്പെടുന്നതാണു്. സഭാപർവ്വം, ആരണ്യപർവ്വം എന്നീ ഭാഗങ്ങളും പിന്നീടു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. വ്യാഖ്യാനത്തിൻ്റെ രീതി കാണിക്കുവാൻ ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു:

“ഏവം ദ്വൈപായനോ ജജ്ഞേ
സത്യവത്യാം പരാശരാൽ
ദീപേ ന്യസ്തഃ സ യൽ ബാല-
സ്തസ്മാൽ ദ്വൈപായനോ/ഭവൽ
ആദിപവ്വം 63-ാം അദ്ധ്യായം, ശ്ലോ. 71

ഏവം = ഇങ്ങനെ. സത്യവത്യാം സത്യവതിയിൽ. പരാശ രാൽ = പരാശരനിൽനിന്നു്. ദ്വൈപായനഃ ജജ്ഞേ = ദ്വൈപായനൻ ജനിച്ചു. സഃ ബാലഃ = ആ കുട്ടി, യൽ ദ്വീപേ ന്യസ്തഃ = യാതൊന്നു ഹേ തുവായി ദ്വീപത്തിൽ ന്യസിക്കപ്പെട്ടവനായി. തസ്മാൽ = അതു ഹേതു വായി. ദ്വൈപായനഃ അഭവൽ = ദ്വൈപായനനായി ഭവിച്ചു.

ഇങ്ങനെ പരാശരമുനിയുടെ സമ്പർക്കം നിമിത്തം സത്യവതിയുടെ പുത്രനായി ദ്വൈപായനൻ ജനിച്ചു. ആ കുട്ടി പെറ്റുവീണതു ദ്വീപത്തിലാകയാൽ അദ്ദേഹം ദ്വൈപായനനായി. ദ്വീപം ഏവ അയനം (= ന്യാസസ്ഥാനം) യസ്യ സഃ ദ്വീപായനഃ = ദ്വീപം തന്നെ വാസസ്ഥാനമായതു ആർക്കോ അവൻ ദ്വീപായനൻ. ദ്വീപായനനെത്തന്നെ ദ്വൈപായനൻ എന്നും പറഞ്ഞുവരുന്നു.”

സംക്ഷിപ്ത ഭാരതം, സംക്ഷിപ്തഭാഗവതം എന്നീ കൃതികളെ ചുനക്കര രാമവാര്യർ വ്യാഖ്യാനിച്ചിട്ടുള്ളതും പ്രസ്താവയോഗ്യമാണു്. ഇത്തരം കൃതികൾക്കു വേറെയും ചില വ്യാഖ്യാനങ്ങൾ ഉണ്ടെന്നുള്ളതു വിസ്മരിക്കുന്നില്ല. വിസ്താരഭയംകൊണ്ടു മാത്രമാണു് അവയെപ്പറ്റി പ്രത്യേകം പറയാതിരിക്കുന്നതു്. എന്നാൽ ഈയവസരത്തിൽ ഒ. എം. ചെറിയാൻ, നാലപ്പാടൻ എന്നിവർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഹൈന്ദവധർമ്മതത്ത്വഭണ്ഡാഗാരങ്ങളായ രണ്ടു കൃതികളെക്കുറിച്ചു് അല്പമൊന്നു സൂചിപ്പിക്കാതെ പോകുവാൻ മനസ്സുവരുന്നില്ല.