ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

ബൈബിൾ വിവർത്തനങ്ങൾ: ക്രിസ്തുമതത്തിലെ പ്രധാന തത്ത്വസംഹിതയാണു് ബൈബിൾ. സുവിശേഷങ്ങൾ, വേദപുസ്തകം, പുതിയനിയമം എന്നിങ്ങനെയും പറഞ്ഞുവരാറുണ്ടു്. ക്രിസ്തുവിൻ്റെ നാലു പ്രധാന ശിഷ്യന്മാരായ മത്തായി, ലൂക്കാ, യോഹന്നാൻ, മാർക്കോസ് എന്നിവരാണു് സുവിശേഷങ്ങൾ എഴുതിയിട്ടുള്ളതു്. ഓരോരുത്തരും എഴുതിയിട്ടുള്ള സുവിശേഷങ്ങൾ അവരവരുടെ പേരുമായി ബന്ധിച്ചു നിലകൊള്ളുകയും ചെയ്യുന്നു. ലോകത്തിലെ പ്രധാന ഭാഷകളിലെല്ലാം ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്ധ്യാത്മികമായി മാത്രമല്ല, അത്യുൽകൃഷ്ടമായ ഒരു സാഹിത്യഗ്രന്ഥമെന്ന നിലയിലും പ്രസ്തുത കൃതി സർവ്വാദരണീയമാണു്. മലയാളത്തിലുണ്ടായ ആദ്യത്തെ ബൈബിൾ വിവർത്തനം ബോംബയിലാണു് അച്ചടിച്ചതു്.

കൽക്കട്ടാ കോളേജ് പ്രൊഫസറായിരുന്ന ഡോ. ക്ലോയിഡ് ബുക്കാനൻ തിരുവിതാംകൂറിൽ റസിഡണ്ടായിരുന്ന ജനറൽ മക്കാളയുടെ കാലത്തു് കേരളത്തിലെ ആംഗ്ലിക്കൻസഭയുടെ സ്ഥിതിവിവരങ്ങൾ അന്വേഷിച്ചറിയുവാൻ ഇവിടെ വരികയും ‘ക്രിസ്തീയഗവേഷണം’ (Christian Researches) എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. കേരത്തിൽ നവീനരീതിയിലുള്ള വിദ്യാഭ്യാസം ആരംഭിക്കേണ്ടതും, ബൈബിളിനു് ഒരു മലയാളവിവർത്തനം ഉണ്ടാകേണ്ടതും സഭയുടെ പുരോഗതിക്ക് ആവശ്യമാണെന്നുള്ള അഭിപ്രായം അക്കാലത്തു് അദ്ദേഹം വ്യക്തമാക്കുകയുമുണ്ടായി. അതനുസരിച്ചാണു് സി. എം. എസ്.കാർ കോട്ടയത്തു്, റസിഡണ്ടിൻ്റെ സഹായത്തോടുകൂടി ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചതു്. ബൈബിൾ തർജ്ജമയ്ക്കായി കായങ്കുളത്തു പീലിപ്പോസുറമ്പാനെ ചുമതലപ്പെടുത്തുകയും ചെയ്തു. റമ്പാൻ സുറിയാനിഭാഷയിൽനിന്നു മലയാളത്തിൽ ചെയ്ത തർജ്ജമ 1811-ൽ ഡോ. ബുക്കാനൻ ബോംബയിലെ കൂറിയർ പ്രസ്സിൽ അടിപ്പിക്കയാണുണ്ടായതു്. പ്രസ്തുത വിവർത്തനം വേണ്ടത്ര ശുദ്ധിയില്ലാത്ത ഒന്നായിരുന്നു. റമ്പാൻ്റെ തർജ്ജമയ്ക്ക്ശേഷം ബാസൽ മിഷ്യൻപ്രസ്സിൽനിന്നും വേറൊരു തർജ്ജമ പുറപ്പെട്ടു. ഇപ്പറഞ്ഞ തർജ്ജമകൾ രണ്ടും വെച്ചുകൊണ്ടു് കുറച്ചുകൂടി നല്ല ശൈലിയിൽ റവ: ബയിലി വിവർത്തനം ചെയ്തതാണു് 1924-ൽ സി. എം. എസ്സ്.ൽ നിന്നു പ്രസിദ്ധപ്പെടുത്തിയ ബൈബിൾ. കോട്ടയം തർജ്ജമയ്ക്കുശേഷം മാന്നാനം, മഞ്ഞുമ്മൽ എന്നീകേന്ദ്രങ്ങളിൽനിന്നും ചില വിവർത്തനങ്ങൾ പുറപ്പെടുകയുണ്ടായി. അതിൽ മാന്നാനത്തുനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള മാണിക്കത്തനാരുടെ ബൈബിൾ വിവർത്തനം സാമാന്യം നല്ല ശൈലിയിൽ ഉള്ള ഒന്നത്രെ ഗീതാഞ്ജലിയുടെ വിവർത്തകനായ എൽ. എം. തോമസിൻ്റെ പരിഭാഷയും പ്രശംസാർഹമാണു്. ഈ അടുത്തകാലത്തു് ഫാ. സി. കെ. മറ്റം, ബൈബിളിനു പുതിയൊരു വിവർത്തനവും പുറപ്പെടുവിച്ചിട്ടുണ്ടു്.

പരിശുദ്ധ ഖുർആൻ: മുസ്ലീംവേദഗ്രന്ഥമായ ഖുർആൻ ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. അറബിക് ലിപിയിൽ മൂലവും ഇംഗ്ലീഷിൽ പരിഭാഷയുമാണ് അതിലുള്ളതു്. പ്രസ്തുത കൃതിയെ മൗലവി സി. എൻ. അഹമ്മദുസാഹിബ് വിവർത്തനം ചെയ്തിട്ടുള്ളതാണു ‘പരിശുദ്ധ ഖുർആൻ.’ (അഞ്ചു വാള്യങ്ങൾ). ഇതിൽ അറബിക് ലിപിയിൽ മൂലവും മലയാളത്തിൽ പരിഭാഷയും ചേർത്തിരിക്കുന്നു. ഖുറാനിൽ മുപ്പതു ഭാഗങ്ങളാണുള്ളതു്. അവ മുഴുവൻ 5 വാള്യങ്ങളിൽ വന്നുകഴിഞ്ഞിട്ടുള്ളതിനാൽ അഹമ്മദു മൗലവിയുടെ വിവർത്തനം സംപൂർണ്ണമാണെന്നു പറയാം. മതസാഹിത്യത്തിൽ വമ്പിച്ച ഒരു മുതൽക്കൂട്ടാണിതെന്നുള്ളതിൽ സംശയമില്ല. പി. മുഹമ്മദുമൊയ്തീൻ എടച്ചേരി തുടങ്ങിയ മറ്റു ചിലരും ഖുറനിൻ്റെ ചില ഭാഗങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.