ഗദ്യം പലവക
മാറ്റു മതഗ്രന്ഥങ്ങൾ: കെ രാഘവൻ തിരുമുൽപ്പാടിൻ്റെ ബുദ്ധധർമ്മം, എ. ജി. കൃഷ്ണവാര്യരുടെ ബുദ്ധമതം, എം. കൃഷ്ണൻ എമ്പ്രാന്തിരി പ്രസാധനം ചെയ്തിട്ടുള്ള ‘ആത്മവിദ്യ’ (ഉപനിഷത്തുകൾ) ആദിയായ കൃതികളും ഈയവസരത്തിൽ സ്മരണാർഹങ്ങളാകുന്നു.
ഋഗ്വേദസംഹിത: ആദ്ധ്യാത്മിക ജ്ഞാനത്തിൻ്റെ ഭണ്ഡാഗാരമായി ഭാരതീയർ സങ്കല്പിച്ചുപോരുന്ന ഒരു മഹാഗ്രന്ഥമാണ് ഋഗ്വേദം. മതപരമായും സംസ്‌കാരപരമായും സാഹിത്യപരമായും അതിനുള്ള സ്ഥാനം ചെറുതൊന്നുമല്ല. ചതുർവ്വേദങ്ങളിൽ പ്രഥമവും പ്രധാനമായതും അതുതന്നെ. വേദഗ്രന്ഥങ്ങൾ ഏറ്റവും ഗുഹ്യമായിട്ടാണു് ഗണിക്കപ്പെട്ടിരുന്നതു്. അവയുടെ അധികാരികൾ ബ്രാഹ്മണരുമായിരുന്നു. എന്നാൽ ആദ്യകാലത്തു് അങ്ങനെ ആയിരുന്നില്ലെന്നുള്ളതിനു പണ്ഡിതന്മാർ ചില തെളിവുകൾ പ്രദർശിപ്പിക്കുന്നുണ്ട്. അനാര്യനായ ഐതരേയൻ ഋഗ്വേദത്തിൻ്റെ അർത്ഥം വിശദമാക്കുന്ന ബ്രാഹ്മണങ്ങളുടെ നിർമ്മാതാവായിരുന്നു. അതുപോലെ തന്നെ അനാര്യകുലജാതനായ ബാദരായണൻ വേദവ്യാസനായിത്തീരുകയും ചെയ്തു. എന്നാൽ ഈ സ്ഥിതിവിശേഷം അധികം നീണ്ടുനിന്നില്ല. അചിരേണ വേദാധികാരികൾ ബ്രഹ്മണർ മാത്രമായിത്തീർന്നു. അതോടെ ഇതരസമുദായങ്ങൾക്ക് അവ അപ്രാപ്യമായിത്തീരുകയും ചെയ്തു. തന്നെയുമല്ല. അബ്രാഹ്മണർ വേദം ഉച്ചരിക്കുന്നതു പോകട്ടെ, കേൾക്കുന്നതുപോലും പാപമായി അവർ സ്‌മൃതി ഗ്രന്ഥങ്ങളിൽ വിധിക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ നൂറ്റാണ്ടുമുതൽ ആ നിലയ്ക്കു പിന്നെയും മാറ്റം മാക്സ്മുള്ളർ തുടങ്ങിയ പാശ്ചാത്യന്മാർ വേദഗ്രന്ഥങ്ങൾ പഠിക്കുകയും അവ തർജ്ജമചെയ്തും വ്യാഖ്യാനിച്ചും പ്രസിദ്ധപ്പെടുത്തുകയും ചെയ്തതോടെ അബ്രാഹ്മണരുടെ ഇടയിലും അവയ്ക്കു പ്രചാരം സിദ്ധിക്കുകയായി. പക്ഷേ, മാക്സ്മുള്ളർ തുടങ്ങിയവർ വൈദേശികഭാഷകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന പ്രസ്തുത ഗ്രന്ഥങ്ങൾ ഇന്ത്യയിലെ മറ്റു പ്രാദേശികഭാഷകൾക്കെന്നപോലെ മലയാളഭാഷയ്ക്കും അനുഗ്രഹദായകമായിരുന്നില്ല. പണ്ഡിതനായിരുന്ന വി. കെ. നാരായണൻഭട്ടതിരി മാതൃഭൂമിവഴി ഋഗ്വേദത്തിൻ്റെ ഒരു ഗദ്യതർജ്ജമ ആരംഭിച്ചുവെങ്കിലും അതു് ഇടക്കാലത്തു മുടങ്ങിപ്പോകുകയാണുണ്ടായതു്. ഇന്ത്യൻഭാഷകളിൽ മറാട്ടിയിൽ മാത്രമേ ഋഗ്വേദത്തിനു് ഒരു തർജ്ജമയുണ്ടായിട്ടുള്ളു. ഈ ചുറ്റുപാടുകളിൽ മഹാകവി വള്ളത്തോളിൻ്റെ സംപൂണ്ണമായ ഈ ഋഗ്വേദതർജ്ജമ കൈരളിക്ക് എത്ര വലിയൊരനുഗ്രഹമാണു വരുത്തിയിരിക്കുന്നതെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ. ആര്യസംസ്‌കാരത്തിൻ്റെ അസ്തിവാരമായി കരുതപ്പെടുന്ന ഈ ഗ്രന്ഥത്തെ മറ്റു ഗ്രന്ഥങ്ങൾപോലെ അത്ര എളുപ്പം തർജ്ജമ ചെയ്യുവാൻ സാധിക്കുന്നതല്ല. അതിലെ നിഗൂഢമായ അർത്ഥങ്ങളും സൂചിതകഥകളും ഉൾഗ്രഹിക്കുവാൻ തന്നെ വളരെ പ്രയാസമാണ്. യാസ്‌കൻ്റെ നിരുക്തം, സായണൻ്റെ വേദാർത്ഥപ്രകാശമായ ഭാഷ്യം എന്നിവ പൊതുവെ പ്രയോജനപ്രദങ്ങളെങ്കിലും അപൗരുഷേയമായ ഈ ഗ്രന്ഥത്തിൻ്റെ ആന്തരാർത്ഥം മനസ്സിലാക്കി തർജ്ജമ ചെയ്യുവാൻ ഇന്നു കേരളത്തിൽ മറ്റൊരാൾക്കും സാദ്ധ്യമല്ല. ഗദ്യപദ്യസ്വരൂപമാണു് മഹാകവിയുടെ വിവർത്തനം. അനേകം കാവ്യപുരാണാദികളെ വിവർത്തനം ചെയ്തു പഴകിത്തെളിഞ്ഞിട്ടുള്ള ആ തൂലികയുടെ നിപുണചലനം ഈ ഋഗ്വേദസംഹിതയിൽ ഉടനീളം നോട്ടക്കാർക്കു കാണാവുന്നതാണു്. ആമുഖത്തിൽ സർദാർ പണിക്കർ പറഞ്ഞിട്ടുള്ള ഒരു ഭാഗം നോക്കുക:
