ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

കാവ്യങ്ങൾ: പുരാണങ്ങൾ, നാടകങ്ങൾ എന്നിവയുടെ ഗദ്യവിവർത്തനങ്ങൾ വളരെ മുമ്പേമുതൽ ഭാഷയിൽ ആരംഭിച്ചിട്ടുണ്ടെന്നു കാണുവാൻ കഴിയും. എന്നാൽ ആധുനിക കാവ്യങ്ങൾക്കു് അത്തരം ഒരു ഗദ്യ തർജ്ജമ ആദ്യമുണ്ടായിട്ടുള്ളതു് ഉള്ളൂരിൻ്റെ ഉമാകേരളം മഹാകാവ്യത്തിനാണെന്നു തോന്നുന്നു. ജി. ശങ്കരക്കുറുപ്പാണു് അതു വിവർത്തനം ചെയ്തിട്ടുള്ളതു്. ശ്രീഹർഷൻ്റെ വർണ്ണനകളെ അനുസ്മരിപ്പിക്കുന്ന ഉള്ളൂരിൻ്റെ വർണ്ണനകളിൽ മറഞ്ഞും, പത്തിരുപതു സർഗ്ഗങ്ങളിലായി ഇടമുറിഞ്ഞും കിടക്കുന്ന കഥാശകലങ്ങളെ ഒൻപതു ചെറിയ അദ്ധ്യായങ്ങളിൽ അടുക്കി ഒതുക്കി ‘രാജനന്ദിനി’ എന്ന പേരിൽ അദ്ദേഹം വിവർത്തനം ചെയ്തിരിക്കുന്നു. കാവ്യത്തിലെ ഒരു കല്പിതകഥാപാത്രമായ കല്യാണിയുടെ — രാജനന്ദിനിയുടെ — പേരാണ് ഗദ്യവിവർത്തനത്തിൻ്റെ തലക്കെട്ടായി അദ്ദേഹം അംഗീകരിച്ചിട്ടുള്ളതു്.

ഗീതാഞ്ജലി: ടാഗോറിൻ്റെ ഗീതാഞ്ജലിക്ക് പദ്യമായും ഗദ്യമായും ചില വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടു്. പദ്യവിവർത്തനം കുണ്ടൂരിൻ്റേതാണു്. അതു് ‘കൈരളി’യിൽ മൂന്നു ദശാബ്ദങ്ങൾക്കുമുമ്പു പ്രസിദ്ധപ്പെടുത്തിവന്നു. മുഴുവനായിട്ടുണ്ടെന്നു തോന്നുന്നില്ല. രണ്ടുവർഷം മുമ്പു് ജി. ശങ്കരക്കുറുപ്പ് ടാഗോർശതാബ്ദിയോടനുബന്ധിച്ചു പ്രസ്തുത കൃതി മുഴുവൻ പദ്യരൂപത്തിൽ വിവർത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഗദ്യ വിവർത്തനം കെ. എം. നായർ ബി. എ.യാണു് ആദ്യം ആരംഭിച്ചതു്. 1004 മുതൽക്കുള്ള ‘ഭാഷാപോഷിണി’ അതു പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. പൂർണ്ണമായോ എന്നു സൂക്ഷ്മമായി അറിയുന്നില്ല. എൽ. എം. തോമസിൻ്റെ ഗദ്യവിവർത്തനമാണു് നമുക്കിന്നു ചൂണ്ടിക്കാണിക്കുവാനുള്ളതു്. അതു കുറെയേറെ പ്രചാരത്തിൽ വന്നിട്ടുള്ള ഒരു ഗദ്യവിവർത്തനവുമാണു്. മഹാകവി ജീവിച്ചിരുന്നകാലത്തു് അദ്ദേഹത്തിൻ്റെ അനുവാദത്തോടു കൂടി വിവർത്തനം ചെയ്ത പ്രസ്തുത കൃതി 1937-ലാണു പ്രസിദ്ധപ്പെടുത്തിയതു്. വിവർത്തനശൈലി പൊതുവെ നന്നായിട്ടുണ്ടു്.

കഥാസരിൽ സാഗരം : ഗുണാഢ്യൻ എന്ന മഹാപണ്ഡിതൻ്റെ ബൃഹൽക്കഥയെ ഉപജീവിച്ച് 11-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാശ്മീര ദേശവാസികളായ ക്ഷമേന്ദ്രൻ, സോമദേവൻ എന്നീ കവീന്ദ്രന്മാർ യഥാക്രമം ബൃഹൽക്കഥാമഞ്ജരി, കഥാസരിത്സാഗരം എന്നീ സംസ്കൃത കാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. അവയിൽ സോമദേവൻ്റെ കഥാസരിത്സാഗരമാണു് ഏറ്റവും പ്രസിദ്ധിയും പ്രചാരവും നേടിയിട്ടുള്ളതു്. രണ്ടു ലക്ഷത്തോളം ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള ആ ബൃഹൽഗ്രന്ഥം സമ്പൂർണ്ണമായി ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും, ഇന്ത്യൻഭാഷകളിൽ ഒന്നിലും തന്നെ പൂർണ്ണമായി വന്നിട്ടില്ലെന്നാണറിയുന്നതു്. പ്രസ്തുതകൃതിയുടെ ആദ്യഭാഗങ്ങൾ ഗദ്യരൂപത്തിൽ വിവർത്തനം ചെയ്ത് 1910-ൽ കുറ്റിപ്പുറത്തു കിട്ടുണ്ണിനായർ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അനന്തരം അദ്ദേഹംതന്നെ തുടർന്നു വിവർത്തനം ചെയ്യുകയും, ഒന്നും രണ്ടും വാല്യങ്ങൾ ഒരുമിച്ച് അടുത്തകാലത്തു് മദിരാശിയിലുള്ള ബുക്ക് ട്രസ്റ്റ്‌കാർ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുമുണ്ടു്. പ്രസ്തുത കൃതി മലയാള കഥാസാഹിത്യത്തിനു മികച്ച ഒരു മുതൽക്കൂട്ടുതന്നെ. പ്രഫ്‌സർ പി. സി. ദേവസ്യായും കഥാസരിത്സാഗരം മുഴുവൻ തർജ്ജമ ചെയ്തു കഴിഞ്ഞിട്ടുള്ളതായി അറിയുന്നു.