ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

കാവ്യകൃതികളുടേയും കോശഗ്രന്ഥങ്ങളുടേയും വ്യാഖ്യാനങ്ങൾ അക്കാലത്തെ മലയാള വിദ്യാഭ്യാസത്തിനു് എത്രമാത്രം പ്രചോദനമരുളിയിരുന്നുവെന്നു് പ്രത്യേകം പറയേണ്ടതായിട്ടില്ല. അൻപത്തൊന്നക്ഷരങ്ങളും അവയുടെ പെരുക്കങ്ങളും പഠിച്ചുകഴിഞ്ഞാൽ, അമരകോശം, സിദ്ധരൂപം, ശ്രീരാമോദന്താദികാവ്യങ്ങൾ എന്നീ ക്രമത്തിലായിരുന്നല്ലോ മൂന്നുനാലു പതിറ്റാണ്ടുകൾക്കു മുമ്പുവരെയുള്ള കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായം. വാര്യരുടെ വ്യാഖ്യാനങ്ങൾ വിദ്യാർത്ഥികളുടെ വ്യുൽപത്തിദാർഢ്യത്തിനു തികച്ചും പര്യാപ്തമായവയുമായിരുന്നു. അമരം ബാലപ്രിയ തുടങ്ങിയ വ്യാഖ്യാനങ്ങളെപ്പറ്റി 18-ാമദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ളതാണല്ലോ.* (രാമവാരിയർ, തലപ്പിള്ളി താലൂക്കു കടങ്ങോട്ടു ദേശത്തു കൈക്കുളങ്ങര കിഴക്കെ വാര്യത്തു നാരായണിവാര്യസ്യാരുടെ പുത്രനായി 1008-ാമാണ്ടു ചിങ്ങം ചോതി നക്ഷത്രത്തിൽ ജനിച്ചു. കൈതക്കോട്ടു ഭട്ടതിരിയായിരുന്നു പിതാവ്. പ്രാരംഭ വിദ്യാഭ്യാസം അമ്മാവന്മാരിൽനിന്നും ഗ്രഹിച്ചു. പാലപ്പുറത്തു പുതിയേടത്തു ഗോവിന്ദൻ നമ്പ്യാർ എന്ന മഹാപണ്ഡിതനായിരുന്നു വാര്യരുടെ പ്രധാന ഗുരുനാഥൻ. മാളിയമ്മാവു കുഞ്ഞുവറിയതു്, പാറമേൽ ഇട്ടുപ്പു” എന്നിവരുടെ പ്രേരണയാലാണു് പല ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളതു്. നാല്പതോളം കൃതികൾ ഇദ്ദേഹത്തിൻ്റെ വകയായിട്ടുണ്ട്. 1073 കന്നി 21-ാം തീയതി വിജയദശമി ദിവസം കഥാപുരുഷൻ കഥാവശേഷനായി.)

യുക്തിഭാഷ : ജ്യോതിശ്ശാസ്ത്രത്തിൽ ഗണിതപദ്ധതിക്കുള്ള സ്ഥാനം അന്യാദൃശമാണു്. പ്രസ്തുത കൃതിക്കു രാമവർമ്മ(മരു)ത്തമ്പുരാൻ, ഏ. ആർ. അഖിലേശ്വരയ്യർ എന്നിവർചേർന്നു് എഴുതിയിട്ടുള്ള വ്യാഖ്യാനം പ്രസ്താവയോഗ്യമാകുന്നു.

കരണപദ്ധതി: അനേകം ഗണിത ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനമെഴുതിയിട്ടുള്ള ഒരു പണ്ഡിതനാണു് പി. കെ. കോരു എം. എം. എൽ. ടി. കരണപദ്ധതി അദ്ദേഹത്തിൻ്റെ വ്യാഖ്യാനഗ്രന്ഥങ്ങളിൽ മുഖ്യമായ ഒന്നത്രേ. കരണപദ്ധതിയുടെ കർത്താവു്, നിർമ്മാണകാലം എന്നിവയെപ്പറ്റി വിവാദരഹിതം ഒന്നും പറയുവാൻ സാധിച്ചിട്ടില്ല. പുതുമന സോമയാജി എന്ന ഒരു കേരളീയൻ 15-ാംനൂറ്റാണ്ടിൻ്റെ പൂർവ്വാർദ്ധത്തിൽ രചിച്ച ഒരു ഗ്രന്ഥമായിരിക്കണം ഇതെന്നു പണ്ഡിതന്മാരിൽ ചിലർ അഭിപ്രായപ്പെടുന്നു. ഗ്രന്ഥകാരൻ ആരായിരുന്നാലും അദ്ദേഹത്തിൻ്റെ കാലത്തു പ്രചാരത്തിലുണ്ടായിരുന്ന ഗണിതന്യായങ്ങളിൽ പ്രധാനമായവയെ ക്രോഡീകരിച്ചിട്ടുള്ളതാണു് ഈ പ്രൗഢഗ്രന്ഥം എന്നുള്ളതിൽ സംശയമില്ല. ഗണിതത്തിനു് ആവശ്യമായ ഗുണകാരകണങ്ങളേയും, ഹാരകങ്ങളേയും, ജ്യാക്കളേയും വരുത്തുവാനുള്ള മാർഗ്ഗങ്ങളെ കാണിക്കുകയാണു് ഗ്രന്ഥനിർമ്മിതിയുടെ ലക്ഷ്യം. പ്രസ്തുത കൃതിക്കു ‘യുക്തിപ്രകാശിക’ എന്ന പേരിൽ ആധുനിക ഗണിത സമ്പ്രദായങ്ങളെക്കൂടി സംയോജിപ്പിച്ച് ഉൽകൃഷ്ടമായ ഒരു വ്യാഖ്യാനം കോരു എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് ഈ ‘കരണപദ്ധതി’.