ഗദ്യം പലവക
കത്തുകൾ: കവികളുടേയും സാഹിത്യകാരന്മാരുടേയും കത്തുകൾ സാഹിത്യത്തിനൊരു സമ്പാദ്യമാണു്. അലക്സാണ്ഡർപോപ്പ് ആദിയായ കവികൾ എഴുതിയിട്ടുള്ള കത്തുകൾ ഇംഗ്ലീഷ് സാഹിത്യത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘അഭിമുഖസംഭാഷണത്തിൻ്റേതായ ലാളിത്യവും നൈർമ്മല്യവും ഉണ്ടെന്നു മാത്രമല്ലാ അതിനില്ലാത്തതായ ആശയപ്രകാശനധീരതയും കത്തുകൾക്കുണ്ട്’. അത്തരത്തിലുള്ള കത്തുകളുടെ പ്രസിദ്ധീകരണം മലയാളത്തിൽ അധികമൊന്നും ഉണ്ടായിട്ടില്ല. ഭാഷാകവികളിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനാണു് കത്തുകൾ ആദ്യമായും അധികമായും കൈകാര്യം ചെയ്തിട്ടുള്ളതെന്നു തോന്നുന്നു. പക്ഷേ, അവ പദ്യരൂപത്തിലാണെന്നുമാത്രം.
“താനേ ഗദ്യമതായെനിക്കയിഭവാൻ പത്രം കുറിച്ചീലയോ?
കൂനേഴം പരമേശ്വരന്ന് സരസശ്ലോകങ്ങളേകീലയോ? താനേവം ബഹുപക്ഷപാതമിവിടെക്കാണിക്കുവാൻ മാത്രമീ-
ഞാനേതെങ്കിലുമപ്രിയം പ്രിയസഖപ്രോത്തംസ! ചെയ്തെന്നതോ?” തമ്പുരാൻ ഒരിക്കൽ കെ. സി കേശവപിള്ളയ്ക്കയച്ച കത്തിൽനിന്നാണു്
ഈ ഉദ്ധരണം.
ഇടപ്പള്ളി രാഘവൻപിള്ള 1936 ജൂലൈ 4-ാം തീയതി കൊല്ലത്തു വച്ച് ആത്മഹത്യ ചെയ്ത സംഭവം പ്രസിദ്ധമാണല്ലൊ. ആ ദുരന്തത്തിലേക്കു നീങ്ങുന്നതിനു് അല്പംമുമ്പ് അദ്ദേഹം എഴുതിവച്ച അന്ത്യശാസനം സുവിദിതമാണു്: “പ്രവർത്തിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക ഈ മൂന്നിലുമാണു് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നതു്. ഇവയിലെല്ലാം എനിക്കു നിരാശയാണു് അനുഭവം. എനിക്ക് ഏകരക്ഷാമാർഗ്ഗം മരണമാണു്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു.” ഈ അന്ത്യസന്ദേശത്തിലെ ആശയം അദ്ദേഹത്തിൻ്റെ ‘മണിനാദം’ എന്ന കാവ്യത്തിലും മാറെറാലിക്കൊള്ളുന്നുണ്ടു്. ഏററവും ഹൃദയഹാരിയായ ഒരു കത്താണിതെന്ന് പറയേണ്ടതില്ലല്ലോ.
