ഗദ്യം പലവക
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ: സാഹിത്യത്തിൽ നൂതനപ്രവണതകൾ ഉണ്ടായിത്തുടങ്ങിയതോടുകൂടിയാണു് കുത്തുകളുടെ പ്രാധാന്യം കൂടുതലായി പലരും മനസ്സിലാക്കിത്തുടങ്ങിയതു്, ഗദ്യസാഹിത്യത്തിലെ മറ്റു ശാഖകൾക്കൊപ്പം ഇതും ഇന്നു ഗണ്യമായ ഒരു വിഭാഗമായി കരുതിപ്പോരുന്നു. ആത്മാർത്ഥതയാണു് കത്തുകളുടെ ഒരു പ്രധാനഗുണം. കത്തുകളുടെ ചുവടുപിടിച്ചുകൊണ്ടു നോവൽ, യാത്രാവിവരണം തുടങ്ങിയ ശാഖകളിൽ പല കൃതികളും എഴുതപ്പെട്ടിട്ടുണ്ടു്, കത്തുകളുടെ വിജയം, കൈകാര്യം ചെയ്യുന്നവരുടെ പ്രതിഭയും അനുഭവസമ്പന്നതയും വിജ്ഞാനവായ്പും അനുസരിച്ചിരിക്കും. ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ മലയാളത്തിൽ വളരെ പ്രസിദ്ധമാണു്. ഡെഹ്റാഡൂണിലെ ജയിൽജീവിതകാലത്തു നെഹ്റു കത്തുകളിലൂടെ മകൾക്കു ലോകസംഭവങ്ങളെഴുതി അറിയിച്ചുകൊണ്ടിരുന്നു. അതു പിന്നീട് പുസ്തകരൂപത്തെ പ്രാപിച്ചതാണു് പ്രസ്തുത കൃതി. എന്നാൽ ആ കത്തുകൾ കേവലം സ്വകാര്യ കത്തുകളായിരുന്നില്ല. പ്രിയപ്പെട്ട മകൾ, ഇന്ദിരയ്ക്കു മാത്രമുള്ളവയുമായിരുന്നില്ല. വിജ്ഞാന ഭൂബുഷുക്കൾക്കാകമാനം പണ്ഡിത്ജി നല്കുന്ന പ്രൗഢമായ ലേഖനസഗ്ദ്ധിയാണതെന്നു പറയാം. അമ്പാടി ഇക്കാവമ്മയാണ് പ്രസ്തുത കൃതിയുടെ വിവർത്തക.
ഒരുകൂട്ടം പഴയ കത്തുകൾ: 368 കത്തുകൾ ഈ സമാഹാരത്തിൽ അടങ്ങിയിരിക്കുന്നു. അവയിൽ, ഗാന്ധിജി, പട്ടേൽ, ജിന്ന, ക്രിപ്സ്, റൂസ് വെൽറ്റ് തുടങ്ങിയ രാഷ്ട്രനേതാക്കളുടേയും. ടാഗോർ, രാധാകൃഷ്ണൻ, ബർണ്ണാഡ്ഷാ, റസ്സൽ തുടങ്ങിയ സാഹിത്യനായകന്മാരുടേയും ദാർശനികന്മാരുടേയും കത്തുകളാണ് കൂടുതലുള്ളതു്. അവരുടെ കത്തുകളിൽ പരാമർശിക്കപ്പെടുന്ന വസ്തുതകൾ വ്യക്തമാക്കുവാൻ പ്രയോജനപ്പെടുന്ന ഏതാനും കത്തുകളേ പണ്ഡിത്ജിയുടെ വകയായി പ്രസ്തുത സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളു. മറ്റുള്ളവർ പണ്ഡിത്ജിയെ ദർശിക്കുന്ന ചിത്രമാണു് ആവക കത്തുകളിൽക്കൂടി നാം കാണുന്നതു്. ഈ പഴയ കത്തുകൾ മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുള്ളതു സുകുമാർ അഴീക്കോടും കുഞ്ഞപ്പയും കൂടിയാണു്. നെഹ്റുവിൻ്റെ ഇക്കഴിഞ്ഞ ജന്മദിനത്തിൽ 1964-ൽ- സുകമാർ അഴീക്കോടു പ്രസ്തുത വിവർത്തനം നെഹ്രുവിനു നേരിട്ടു സമർപ്പിക്കയുണ്ടായി എന്ന വസ്തുതയും ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.
ലണ്ടൻ കത്തുകൾ: കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ സി. ബി. കുമാർ 1935-ാമാണ്ടിടയ്ക്കു ലണ്ടനിൽ താമസിച്ചിരുന്ന കാലത്തു് തൻ്റെ മരുമകൾ സുലോചനയ്ക്ക് എഴുതിയ ഏതാനും കത്തുകളാണു് അദ്ദേഹം 1950-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘ലണ്ടൻകത്തുകൾ’. ലണ്ടൻയാത്ര, ലണ്ടൻ അന്നും ഇന്നും, ലണ്ടൻകത്തുകൾ ഇങ്ങനെ മൂന്നു വിഷയങ്ങളാണു ഗ്രന്ഥത്തിലെ ഉള്ളടക്കം. ലണ്ടൻ ജിവിതത്തിൻ്റെ സാമാന്യസ്വഭാവം, സ്വരൂപം എന്നിവയെ വിവരിക്കുന്നതോടൊപ്പം അവിടത്തെ ജീവിതരീതി ഗ്രന്ഥകാരനിൽ വരുത്തിയ പ്രതികരണങ്ങളേയും വെളിപ്പെടുത്തിയിരിക്കുന്നു. യൂറോപ്പിലെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിതിഗതികളും കുറെയൊക്കെ ഇതിൽ പ്രകാശിപ്പിക്കാതിരുന്നിട്ടില്ല. സരസമായ ഒരു യാത്രാവിവരണത്തിൻ്റെ ഭാഗങ്ങളും ലണ്ടൻകത്തുകളിൽ അടങ്ങിയിട്ടുണ്ട്.
