ഗദ്യം പലവക
ബാലസാഹിത്യം: സമുദായത്തിൻ്റെ അസ്തിവാരം ബാലികാ ബാലന്മാരാണു്. അവർ മഹദാശയങ്ങളിലും ഉന്നതാദർശങ്ങളിലും അടിയുറച്ചു നിന്നാൽ മാത്രമേ സമുദായം നന്നാവുകയുള്ളു. കുട്ടികൾ കുട്ടികളായിത്തന്നെ വളരണം. അവർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും അവരുടെ പ്രായത്തിനും ബുദ്ധിക്കും അനുസരിച്ചായിരിക്കണം. ഇന്ന്, ബാല്യ കൗമാരങ്ങൾ അതിവേഗം ചാടിക്കടന്നു പ്രായംചെന്നവരെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനുമാണു് അധികംപേരും തയ്യാറായിക്കാണുന്നതു്. സമയം വരുന്നതിനുമുമ്പു് — കാലം പരിപക്വമാകുന്നതിനുമുമ്പു — ജീവിതപ്പോരാട്ടത്തിൽ ചാടിയിറങ്ങുന്നതുകൊണ്ടു് അവർ സ്വസമുദായത്തേയും, രാഷ്ട്രത്തേയും, അവരെത്തന്നെയും ദൗർബല്യത്തിനു വിധേയമാക്കിത്തീർക്കുകയാണു്. ഈ ദുഃസ്ഥിതിയിൽ നിന്നു അവരെ പിന്തിരിച്ച് ശരിയായ മാറ്റത്തിൽക്കൂടി മുന്നോട്ടു നയിക്കേണ്ടതു് നമ്മുടെ ധർമ്മമാണു്.
കുട്ടിക്കാലത്തു് ഉപബോധമനസ്സിൽ കടന്നുചെല്ലുന്നവയാണു് പിൽക്കാലത്തു് അവസരം വരുമ്പോൾ താനേ ഉയർന്നുവരുന്നതു്. “ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം” എന്ന ചൊല്ലു് ഒരു സനാതനതത്ത്വമാണ്. അക്കാലത്തു നല്ല ശീലം വളർത്തിയാൽ നല്ല മനുഷ്യനായി ജീവിക്കാം. മഹത്തായ ശീലം വളർത്തിയാൽ മഹാനുമായിത്തീരാം. ദൈനംദിനജീവിതത്തിൽ ആചരിക്കയും ആദരിക്കയും ചെയ്യേണ്ട ജീവിതമൂല്യങ്ങൾ ബാലഹൃദയങ്ങളിൽ പതിയത്തക്കവണ്ണമുള്ള ചില പ്രസ്ഥാനങ്ങൾ അതിപ്രാചീനകാലം മുതൽക്കേ നമ്മുടെ ഭാരതഭൂമിയിൽ നടപ്പിലിരുന്നതായി കാണുന്നുണ്ട്. പഞ്ചതന്ത്രകഥകൾ അവയിൽ ഏറ്റവും സുപ്രസിദ്ധമാണ്. അമരശക്തി എന്ന ചക്രവർത്തിയുടെ മൂഢന്മാരും ദുഷ്ടന്മാരുമായ പുത്രന്മാരെ വിദ്യാഭ്യാസം ചെയ്യിച്ചു സമർത്ഥന്മാരും സൽസ്വഭാവികളുമാക്കുന്നതിനു വിഷ്ണുശർമാവെന്ന ദേശിക പ്രവരൻ ശ്രമിച്ചതിൻ്റെ ഫലമായി ഉടലെടുത്ത മൃഗകഥകളാണവ. അഞ്ചുതന്ത്രങ്ങളിൽകൂടി ഒട്ടുവളരെ സുഭാഷിതരത്നങ്ങളും സരസകഥകളും രാഷ്ട്രീയവിജ്ഞാനവും ആ ഭാവനാകുശലൻ ബാലഹൃദയങ്ങളിലേക്ക് പകർന്നുകൊടുക്കുന്നു. ആശയാദർശങ്ങളാലും ആവിഷ്ക്കരണവിശേഷത്താലും ആ അമൂല്യകൃതി ഇന്നും കാലദേശങ്ങളെ അതിജീവിച്ചുയരുകയാണു്.
വിഷ്ണുശർമ്മാവിനെപ്പോലെ ഭാവനാസമ്പന്നന്മാരായ തൂലികാവിദഗ്ദന്മാരാണു് ആധുനികയുഗത്തിൽ നമുക്കു വേണ്ടതു്. ഭാവിഭാരതത്തിൻ്റെ അല്ല, ഭാവിലോകത്തിൻ്റെതന്നെ, വിധാതാക്കളായ നമ്മുടെ ശിശുക്കളെ വർത്തമാനകാലത്തിൽ ആഹ്ലാദിപ്പിച്ചുകൊണ്ടു ഭാവിയുടെ വിജ്ഞാനചക്രവാളം വികസിപ്പിക്കുന്നതിനു പ്രചോദനമരുളുന്ന സൽസാഹിതി നമുക്കിനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല ‘ഓമനക്കുട്ടൻ ഗോവിന്ദനും’, ‘ഓമനത്തിങ്കൾക്കിടാവും’ മറ്റും നമുക്കഭിമാനിക്കത്തക്ക ചില ഗാനങ്ങളാണു്. എന്നാൽ ആധുനികമായ ആശയപ്രവണതകൾ കളിയാടുന്ന കൃതികൾ സുലഭമായി ആ ഇനത്തിൽ ഉണ്ടാകണം; വിശേഷിച്ചും ഗദ്യസാഹിത്യത്തിൽ കഥകൾ ബാലഹൃദയങ്ങളെ സവിശേഷം ആകർഷിക്കുന്നവയാണെന്നുള്ളതിനു് പഞ്ചതന്ത്രകഥകൾ പ്രത്യക്ഷമായ തെളിവുകളാണല്ലോ. നമ്മുടെ ഇന്നത്തെ കഥയെഴുത്തുകാർ കുട്ടികളുടെ ഭാവിയെപ്പറ്റി എന്തെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നു സംശയമാണു്. ബാലികാബാലന്മാരെ അവരുടെ പ്രായത്തിന്നനുരൂപമായി ചിന്തിപ്പിക്കയും, പറയിപ്പിക്കയും ചെയ്യുന്നതിനു പ്രചോദനമരുളുന്ന അനേകം സൽകൃതികൾ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കഥകൾ, കവിതകൾ, ചരിത്രങ്ങൾ, ജീവചരിത്രങ്ങൾ, സഞ്ചാരചരിത്രങ്ങൾ, അഭിനയഗാനങ്ങൾ, പത്രങ്ങൾ, മാസികകൾ മുതലായ പലതും അവരുടെ മാനസിക വളർച്ചയുടെ പാകത്തിനൊപ്പിച്ചു് അവർക്കു നൽകിയേ മതിയാവൂ.
