ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

ലീലാവതി: ഭാസ്ക്കരാചാര്യരുടെ ഗണിത ശാസ്ത്ര ഗ്രന്ഥമാണ് ‘ലീലാവതി’. അതിലെ സകല ക്രിയകളുടേയും യുക്തി വിശദമാക്കുന്ന ഒരു മലയാള വ്യാഖ്യാനവും പി. കെ. കോരു എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കാന്താരതാരകം: നളചരിതം ആട്ടക്കഥയ്ക്ക് ഏ. ആർ. രാജരാജർവമ്മ എഴുതിയിട്ടുള്ള ‘കാന്താരതാരകം’ എന്ന വ്യാഖ്യാനത്തെപ്പറ്റി വിമർശനത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ശബ്ദങ്ങളുടെ രൂപവും അർത്ഥവും സ്പഷ്ടമാക്കി സ്വാരസ്യം പ്രകാശിപ്പിക്കുന്നതിൽ നളചരിതത്തിൻ്റെ വ്യാഖ്യാതാവ് വേണ്ടപോലെ ശ്രദ്ധിച്ചിട്ടുണ്ട്. എ. ആർ.ൻ്റെ വ്യഖ്യാനത്തെ അനുകരിച്ചു” അത്തരം കൃതികൾക്കു പലരും പിൽക്കാലത്തു വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. അധികമെണ്ണവും വിദ്യാർത്ഥി ലോകത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ളവയാണെന്നു പറയുന്നതിൽ തെറ്റില്ല. ഒരു കൃതിക്കുതന്നെ അനേകം വ്യാഖ്യാനങ്ങൾ കാണാം. കാലകേയവധം ആട്ടകഥയ്ക്ക് ശിരോമണി പി. കൃഷ്ണൻനായർ, ഡി. പത്മനാഭനുണ്ണി, കെ. എൻ. ഗോപാലപിള്ള, എ. ഡി. ഹരിശർമ്മ എന്നു തുടങ്ങിയ അനേം പേർ വ്യാഖ്യാനമെഴുതിയിട്ടുള്ളതു് അതിനൊരു ദൃഷ്ടാന്തമാണു്. അതുപോലെ തന്നെ നളചരിതത്തിനു് എ. ആർ.ൻ്റെ വ്യാഖ്യാനത്തിനു പുറമെ, ഡി. പി. ഉണ്ണി, എ. ഡി. ഹരിശർമ്മ. ഇളംകുളം കുഞ്ഞൻപിള്ള, ആർ. നാരായണപ്പണിക്കർ, ദേശമംഗലത്തു രാമവാര്യർ മുതലായവരും വ്യാഖ്യാനങ്ങൾ എഴുതിയിട്ടുള്ളതു നോക്കുക. കോട്ടയത്തു തമ്പുരാൻ്റെ കൃതികൾ ആറ്റൂർ വ്യാഖ്യാനിച്ചിട്ടുണ്ട്. ഉത്തരാസ്വയംവരം, കിർമ്മീരവധം, കീചക വധം. ദുര്യോധനാധം, ദക്ഷയാഗം തുടങ്ങിയ കൃതികൾക്കും ജി. രാമക‍ൃഷ്ണപിള്ള തുടങ്ങിയ പലരും വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. നമ്മുടെ വ്യാഖ്യാനശാഖയ്ക്ക് ഇവ നല്ല നേട്ടങ്ങൾ തന്നെയാണു്.

ലീലാതിലകം, ഉണ്ണുനീലിസന്ദേശം മുതലായ പ്രാചീന കൃതികൾക്കും വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ആററുരിൻ്റെ വ്യാഖ്യാനമാണു ഉണ്ണുനീലിസന്ദേശത്തിനു് ആദ്യമുണ്ടായിട്ടുള്ളതു്. അനന്തരം ശൂരനാട്ടു കുഞ്ഞൻപിള്ള, ഇളംകുളം കുഞ്ഞൻപിള്ള എന്നിവരും ഓരോ വ്യാഖ്യാനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടു്. ലിലാതിലകത്തിലെ ശ്ലോകങ്ങൾക്കും അടുത്ത കാലത്തു ചില വ്യാഖ്യാനങ്ങൾ ഉണ്ടാകാതിരുന്നിട്ടില്ല. ശൂരനാടനും ഇളംകുളവുമാണ് അതിലും മുന്നണിയിൽ നില്ക്കുന്നതു്. ചന്ദ്രോത്സവത്തിനു കെ. കെ. രാജയാണു് ആദ്യം ഒരു വ്യാഖ്യാനമെഴുതിയിട്ടുള്ളതെന്നു തോന്നുന്നു. അടുത്തകാലത്തു് ഇളംകുളം കുഞ്ഞൻപിള്ളയും ഒരു വ്യാഖ്യാനം പുറപ്പെടുവിച്ചിട്ടുണ്ട്.