ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

രാമചരിതം : നമ്മുടെ പ്രാചീനമലയാള മാതൃകകളിൽ ആദ്യത്തേതാണല്ലോ ‘രാമചരിതം’. രാമചരിതത്തിനു സമ്പൂർണ്ണമായ ഒരു വ്യാഖ്യാനം ഇതേവരെ ഉണ്ടായിട്ടില്ല. ആദ്യത്തെ ഇരുപതു പടലങ്ങൾക്ക് ടിപ്പണരൂപത്തിലുള്ള ഒരു വ്യാഖ്യാനമാണ് ആദ്യമുണ്ടായതു്. മഹാകവി ഉള്ളൂരായിരുന്നു അതിൻ്റെ വ്യാഖ്യാതാവു്. പിന്നിട്ട്, വിദ്യാർത്ഥികൾക്കും കവ്യരസാസ്വാദകന്മാർക്കും കൂടുതൽ പ്രയോജനപ്പെടുമാറ് പ്രസ്തുത കൃതിക്കു സാമാന്യം വിശദമായ ഒരു വ്യാഖ്യാനം എഴുതിയിട്ടുള്ളത് പണ്ഡിതശ്രേഷ്ഠനായ പ്രഫ‌സർ പി. വി. കൃഷ്ണൻനായരാണു്. അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒന്നാംഭാഗത്തിൽ 25 പടലങ്ങളാണുള്ളത്. ബാക്കിഭാഗങ്ങളും അദ്ദേഹം ഉടനെ പ്രസിദ്ധപ്പെടുത്തുമെന്നറിയുന്നു. ഒരു പ്രാചീനചമ്പുകൃതിയായ ‘ഉണ്ണിയാടിചരിത’ത്തിനും അദ്ദേഹം ഈയിടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. കണ്ണശ്ശകൃതികൾ മുതലായവയ്ക്കും ഇതുപോലെ വ്യഖ്യാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഉള്ളൂരാണ് ചില ടിപ്പണികളെങ്കിലും ആദ്യമായി അവയ്ക്കെഴുതിയിട്ടുള്ളത്.

ചമ്പുക്കൾ: കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരുങ്കൈലനാഥോദയത്തിനു മഹാകവി ഉള്ളൂരും, ചെല്ലൂർ നാഥോദയത്തിനു കവിതിലകൻ വടക്കുംകൂറും എഴുതിയിട്ടുള്ള വ്യാഖ്യാനങ്ങൾ പ്രസ്താവയോഗ്യങ്ങളാകുന്നു. ഈയിടെ പുനത്തിൻ്റെ രാമായണാദി ചമ്പുക്കൾക്കു കേരളസാഹിത്യഅക്കാദമിയിൽനിന്നു നിഷ്കൃഷ്ടമായ ഒരു വ്യാഖ്യാനം പ്രസിദ്ധപ്പെടത്തിവരുന്നതും ഇവിടെ വിസ്മരിക്കാവുന്നതല്ല.

സൗന്ദയ്യലഹരി: സൗന്ദര്യലഹരിയിലെ കവിത സാധാരണ പണ്ഡിതന്മാർക്കുപോലും അനഭിഗമ്യമാണു്. അതിനു് കെ. ആർ. നാരായണൻനമ്പൂതിരി എഴുതിയിട്ടുള്ള വ്യാഖ്യാനം കാലോചിതവും സാധാരണന്മാർക്കു കൂടി സുഗ്രഹവും ആയവിധത്തിലുള്ള ഒന്നത്രെ. ശ്രീകൃഷ്ണകർണ്ണാമൃതത്തിനു് കെ. വി. എം. എഴുതിയിട്ടുള്ള വ്യാഖ്യാനവും പ്രസ്താവയോഗ്യമാണു്.